
കുമളി: കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയബദൽ സാദ്ധ്യമാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുമളിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയെ അകറ്റിനിറുത്തുന്നതിൽ പ്രാദേശിക കക്ഷികളുടെ പങ്ക് വളരെ പ്രധാനമാണ്. രാജ്യത്ത് ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കുക എന്നതാണ് പ്രധാനം. കേരളത്തിൽ സി.പിഎം അടക്കമുള്ള ഇടതുപക്ഷം ബി.ജെ.പിയെ ശക്തമായി ചെറുക്കുന്നുണ്ട്. മറ്റിടങ്ങളിൽ പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ദേശീയബദലിനാണ് ശ്രമിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ ബി.ജെ.പി ഇതര പാർട്ടികളാണ് ശക്തം. അതിൽ മൂന്നിടത്ത് മാത്രമാണ് കോൺഗ്രസുള്ളത്. ബാക്കിയിടങ്ങളിൽ കോൺഗ്രസ്, ബി.ജെ.പി ഇതര പ്രാദേശിക പാർട്ടികളാണ് ശക്തം. ഈ സാഹചര്യത്തിൽ പ്രാദേശിക പാർട്ടികളെ മാറ്റിനിർത്തി ദേശീയ ബദൽ പ്രായോഗികമാകില്ല. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കിയേ പറ്റൂ എന്നതാണ് സി.പിഎമ്മിന്റെ നിലപാട്. കോൺഗ്രസിന് അനുകൂലമായി പ്രസംഗിക്കുന്നത് കേരളത്തിൽ ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകരമാവില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കോൺഗ്രസിനു അനുകൂലമായ പ്രസ്താവനകൾ അവർക്കു മാത്രമേ ഗുണം ചെയ്യൂവെന്നും കോടിയേരി പറഞ്ഞു.
രാജേന്ദ്രനെതിരെ സമ്മേളനത്തിൽ നടപടിയില്ല
അച്ചടക്കലംഘന വിഷയത്തിൽ ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ സ്വീകരിക്കേണ്ട നടപടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. രാജേന്ദ്രനെതിരെ നടപടിയെടുക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശയും രാജേന്ദ്രന്റെ കത്തും സംസ്ഥാന സെക്രട്ടറിയുടെ മുമ്പാകെയുണ്ട്. ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രനെതിരായ നടപടി പ്രഖ്യാപിക്കില്ല. സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.