cpm

കുമളി: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയതിനാൽ വകുപ്പിന് പ്രത്യേകം മന്ത്രി വേണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ആവശ്യം. അടുത്തിടെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജനവിരുദ്ധ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു വിമർശനം.

പൊലീസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നു. ഇന്റലിജൻസ് സംവിധാനം പൂർണമായും പരാജയമാണ്. പൊലീസിൽ ഒരു വിഭാഗം സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. ഇത് കണ്ടെത്താൻ ശ്രമിക്കണം. പൊലീസിൽ അഴിച്ചുപണി വേണം. പൊലീസ് അസോസിയേഷന് വേണ്ടത്ര ശുഷ്‌കാന്തിയില്ല. ഒറ്റുകാരെയും, സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംവിധാനം കാര്യക്ഷമമാക്കാൻ പാർട്ടി ഇടപെടണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെയും വിമർശനമുയർന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ അവരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു.പൊലീസിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുചർച്ചയ്ക്കുള്ള മറുപടിയിൽ സമ്മതിച്ചു .വിഷയത്തിൽ പാർട്ടി ഇടപെടുമെന്നും, മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.

എസ്. രാജേന്ദ്രനെതിരെ അച്ചടക്ക നടപടിയെടുക്കാൻ വൈകിയതിന് ജില്ലാ കമ്മിറ്റിയെ പ്രതിനിധികൾ വിമർശിച്ചു. ആലപ്പുഴയിൽ ജി. സുധാകരനെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നേരത്തേ നടപടിയെടുത്തിരുന്നെങ്കിൽ വിഷയം മാദ്ധ്യമങ്ങളിൽ ഇത്രയും ചർച്ചയാകില്ലായിരുന്നു. വനം- റവന്യൂ വകുപ്പുകൾക്കെതിരെയും പ്രതിനിധികൾ ഒന്നാകെ രംഗത്തെത്തി. എൽ.ഡി.എഫ് സർക്കാരിന്റെ

നയത്തിനനുസരിച്ചല്ല ഈ വകുപ്പുകളുടെ പ്രവർത്തനമെന്നും പ്രതിനിധികൾ പറഞ്ഞു. ഇന്ന് ജില്ലാ സമ്മേളനം സമാപിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.