കുമളി: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയാരെന്ന് ഇന്നറിയാം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ, കെ.വി. ശശി, കെ.എസ്. മോഹനൻ എന്നവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. മത്സരം ഒഴിവാക്കാൻ സമവായത്തിലൂടെ നിലവിലെ സെക്രട്ടറി കെ.കെ. ജയചന്ദ്രനെ തന്നെ നിലനിറുത്താനും സാധ്യതയുണ്ട്. പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകുമാകും. സെക്രട്ടറി സ്ഥാനം സംബന്ധിച്ച് പാർട്ടി നേതൃത്വത്തിനിടയിൽ അനൗദ്യോഗികമായി ഇത്തരം ആശയവിനിമയങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ന് ഔദ്യോഗികമായി പാർട്ടി നിലപാട് പ്രഖ്യാപിക്കും. കെ.കെ. ജയചന്ദ്രന് ഒരു തവണ കൂടി സെക്രട്ടറിയാകാനാകും. 2012ൽ എം.എം. മണി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ജയചന്ദ്രൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്. ഇതിന് ശേഷം 2015ൽ മൂന്നാർ സമ്മേളനത്തിലും 2018ലെ കട്ടപ്പന സമ്മേളനത്തിലും തുടർച്ചയായി ജയചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നിന് ആരംഭിച്ച ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകിട്ട് മൂന്നിന് കുമളി ബസ് സ്റ്റാൻഡിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കൾ സംസാരിക്കും. ഇന്നലെയും പ്രതിനിധി സമ്മേളനം തുടർന്നു. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ആദ്യദിവസം അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ പൊതുചർച്ച പൂർത്തിയാക്കി. രണ്ടാംദിവസം 30 പേർ ചർച്ചയിൽ പങ്കെടുത്തു. വിവിധ പ്രമേയങ്ങളും പാസാക്കി. പൊതുചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറിയും മറുപടി പറഞ്ഞു. ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കൂടാതെ കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി എന്നിവർ മുഴുവൻ സമയം പങ്കെടുക്കുന്നുണ്ട്.