തൊടുപുഴ: വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ കരാറുകാരനെ വാഹനം തടഞ്ഞ് നിറുത്തി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ഇടവെട്ടി കേളകത്ത് ജോൺസണ് ജോണിന്റെ പരാതിയിൽ ഇടവെട്ടി സ്വദേശി ഷാജഹാനെതിരെ (മസ്താൻ) തൊടുപുഴ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പഞ്ചായത്തിലെ മുൻ കരാറുകാരനായ ജോൺസണും ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും അയൽക്കാരാണ്. വാഹനം എതിരെ വന്നതുമായ ബന്ധപ്പെട്ട് ഷീജാ നൗഷാദുമായി തർക്കമുണ്ടായി. ഇതു കേട്ടെത്തിയ ഷാജഹാൻ ജോൺസനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭർത്താവിന്റെയും പേരുകൾ പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് സി.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ജോൺസൺ അക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഷീജാ നൗഷാദും ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. മൊബൈലിൽ സംസാരിച്ച് വാഹനമോടിച്ച ജോൺസൺ സ്‌കൂട്ടറിലെത്തിയ തന്നെയും ഭർത്താവിനെയും ഇടിക്കാൻ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോൾ അസഭ്യം വിളിച്ച് അക്രമിക്കാൻ ഒരുങ്ങിയെന്നും ഷീജാ നൗഷാദ് ആരോപിച്ചു. ഷീജാ നൗഷാദാണ് പൊലീസിൽ വിവരമറിയിച്ചത്. ജോൺസൺ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ ചികിത്സ തേടി.