തൊടുപുഴ: സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഷെയർ ചെയ്തതിന് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ബസിൽ മക്കളുടെ മുന്നിൽ വച്ച് മർദിച്ച സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മംകല്ല് വടക്കേപറമ്പിൽ മുഹമ്മദ് ഷെരീഫ് (40), ഇടവെട്ടി വലിയജാരം സ്വദേശികളായ പെരുനിലത്ത് നിജാസ് (37),​ മുണ്ടുപറമ്പിൽ അബ അമീർ (39) എന്നിവരെയാണ് ഡിവൈ.​എസ്.പി കെ. സദൻ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ 10 പ്രതികൾ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം മൂന്നിന് ഉച്ചയ്ക്കാണ് മങ്ങാട്ടുകവലയിൽ വച്ച് മുള്ളരിങ്ങാട് സ്വദേശി താന്നിക്കൽ മനു സുധനെ (40) ബസ് യാത്രയ്ക്കിടെ സംഘം ബസിൽ കയറി മർദ്ദിച്ചത്. പരിക്കേറ്റ മനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മനു ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്.