കുമളി: സി.പി.എം ജില്ലാ സമ്മേളനത്തിൽ വിവിധ പ്രമേയങ്ങളും പാസാക്കി. മൂന്നാറിൽ ചേർന്ന ഭൂരഹിത ഭവന രഹിത തോട്ടം തൊഴിലാളികളുടെ കൺവൻഷൻ പ്രഖ്യാപന മനുസരിച്ച് തോട്ടം തൊഴിലാളി ഭവനപദ്ധതി നടപ്പാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ.എ രാജ അവതാരകനും ഫൈസൽ മുഹമ്മദ് അനുവാദകനുമായ പ്രമേയമാണ് അവതരിപ്പിച്ചത്. തുടർ ഭരണം ലഭിച്ച സ്ഥിതിക്ക് തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്‌നം പരിഹരിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ വിരമിക്കൽ പ്രായം അറുപതാക്കിയ സർക്കാർ തീരുമാനം നടപ്പാക്കാൻ മാനേജുമെന്റുകൾ തയ്യാറാകണമെന്ന് ഷൈലജ സുരേന്ദ്രൻ അനുവാദകയായി എം.വി. ശശികുമാർ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ നയങ്ങൾ മൂലം ദുരിതത്തിലായ തോട്ടം വ്യവസായത്തെയും തോട്ടം തൊഴിലാളികളെയും സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ ആശ്വാസനടപടികളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കണമെന്ന് പി.എസ്. രാജൻ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകളും പ്രതിരോധമേഖലയിലെ അവശ്യസേവന നിയമവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ്‌യൂണിയൻ സംയുക്ത സമരസമിതി ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്ന 48 മണിക്കൂർ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. പി.എസ്. രാജനാണ് പ്രമേയം അവതരിപ്പിച്ചത്.