തൊടുപുഴ: കുടിവെള്ളക്ഷാമം പരിഹരിക്കാൻ എം.വി.ഐ.പി കനാൽ തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുന്നു. ഇടവെട്ടി, തൊടുപുഴ നഗരസഭ, കുമാരമംഗലം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന എം.വി.ഐ.പി കനാലിൽ വെള്ളമില്ലാത്തതു മൂലം വിവിധ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാണ്. കിണറുകളിലും ജലനിരപ്പ് താഴ്ന്നു. വേനലെത്തിയതോടെ പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കവുകരമല, ചോഴകുടി എസ്.ടി കോളനി, കുമാരമംഗലം ലക്ഷംവീട്, ഉരിയരികുന്ന്, കൊടകശേരി, പഴുക്കാകുളം, കാഞ്ഞിരംപാറ, ഇടവെട്ടി സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങിയ പദ്ധതികളെല്ലാം വെള്ളമില്ലാതെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കാർഷിക മേഖലയിലും പ്രയാസം നേരിടുന്നു. കനാലിന്റെ അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ഇനിയും പൂർത്തീകരിച്ചിട്ടില്ല. കനാൽ ബണ്ട് റോഡുകളും സംരക്ഷണ ഭിത്തികളും തകർന്ന് കിടക്കുന്നു. പഞ്ചായത്ത് ഭരണ സമിതികളും പൊതുജനങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കനാൽ തുറക്കാനോ, റോഡ് നന്നാക്കാനോ അധികാരികൾ തയ്യാറുന്നില്ല. ഓരോ ദിവസവും കുടിവെള്ളത്തിന് ബുദ്ധിമുട്ട് വർധിച്ച് വരുന്ന സാഹചര്യത്തിൽ കനാൽ തുറന്ന് വിടാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ പഴേരി, ജന. സെക്രട്ടറി കെ.എം. നിഷാദ് എന്നിവർ അറിയിച്ചു.