 
തൊടുപുഴ: 'എനിക്ക് പഠിച്ച് നല്ലൊരു ഫാഷൻ ഡിസൈനറാകണം. അതിന് എന്നെ സഹായിച്ചതിന് ഒരുപാട് നന്ദിയുണ്ട്.' ഇടുക്കി വിജിലൻസ് ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ വൈശ്യമോൾ പറഞ്ഞ വാക്കുകളാണിത്. പഠനത്തിനായി സ്‌കോളർഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലിപ്പണം നൽകേണ്ടി വന്ന മൂന്നാർ ടാറ്റാ കമ്പനിയിലെ തൊഴിലാളി മുരുകന്റെ മകളാണ് ചെന്നൈയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായ വൈശ്യ.
മൂന്നാർ ടാറ്റാ ടീ കമ്പനി വക രണ്ടു കൊച്ചു മുറികളുള്ള ലയത്തിൽ താമസിക്കുന്ന മുരുകന്റെ ദിവസവേതനം 420 രൂപയാണ്. രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ചെലവിനുമായി ആകെ കിട്ടുന്ന തുകയാണിത്. മകളുടെ പഠനത്തിന് കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പ് തുക കിട്ടുന്നതിന് എസ്.സി ഡെവലപ്‌മെന്റ് ഓഫീസിൽ നിന്ന് അപേക്ഷ ഫോർവേഡ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയപ്പോൾ സീനിയർ ക്ലർക്ക് റഷീദ് കെ. പനയ്ക്കൽ വിജിലൻസിന്റെ പിടിയിലായിരുന്നു. കുട്ടിയുടെ പഠനത്തിനായി ലഭിച്ചിരുന്ന സ്‌കോളർഷിപ്പ് തുകയിൽ നിന്ന് മുമ്പ് 1.1 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ റഷീദ് ഇത്തവണ 25,000 രൂപ കൂടി വാങ്ങുമ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്.
ഇത്തവണ സ്‌കോളർഷിപ്പ് തുക ലഭിക്കുന്നതിനു മുമ്പ് തന്നെ റഷീദ് കൈക്കൂലി വാങ്ങുകയായിരുന്നു. എന്നാൽ സംഭവത്തിൽ വിജിലൻസ് ഇടപെട്ടതിനെ തുടർന്ന് മൂന്നാം ദിവസം കുട്ടിയ്ക്ക് സ്‌കോളർഷിപ്പ് തുക അക്കൗണ്ടിൽ ലഭ്യമായി. ഇതിനിടെയാണ് ഉപയോഗിക്കാൻ പോലുമാകാത്ത പൊട്ടിയ ഒരു ഫോൺ കുട്ടിയുടെ കൈയിലിരിക്കുന്നത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിന്റെയും ഡിവൈ.എസ്.പി വി.ആർ. രവികുമാറിന്റെയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജില്ലാ പൊലീസ് സഹകരണ സംഘം ഭാരവാഹികളുമായി ബന്ധപ്പെട്ടശേഷം വൈശ്യയ്ക്ക് പഠനത്തിനായി സ്മാർട്ട്‌ഫോൺ ഉദ്യോഗസ്ഥർ നൽകാമെന്ന് അറിയിച്ചു. മുട്ടം വിജിലൻസ് യൂണിറ്റിൽ ഡിവൈ.എസ്.പി വി.ആർ. രവികുമാർ സ്മാർട്ട് ഫോൺ കൈമാറി.
റഷീദിന്റെ ജാമ്യാപേക്ഷ തള്ളി
തൊടുപുഴ: കൈക്കൂലി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഇടുക്കി എസ്.സി ഡെവലപ്‌മെന്റ് ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് കെ. പനയ്ക്കലിന്റെ ജാമ്യാപേക്ഷ തൃശ്ശൂർ വിജിലൻസ് കോടതി തള്ളി. കഴിഞ്ഞ 28 മുതൽ ഇടവെട്ടി വലിയജാരം സ്വദേശി റഷീദ് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.