തട്ടക്കുഴ: എൻ.എസ്.എസ് ക്യാമ്പിൽ സ്‌കൂൾ കെട്ടിടം പെയിന്റ് ചെയ്ത് വിദ്യാർത്ഥികൾ. തട്ടക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരാണ് സ്കൂൾ പെയിന്റടിച്ചത്. എൻ.എസ്.എസ് ക്യാമ്പായ ജീവകം- 2021 നോടനുബന്ധിച്ചായിരുന്നു പ്രവർത്തനം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തട്ടക്കുഴ സ്‌കൂളിൽ തന്നെയായിരുന്നു ക്യാമ്പ്. സ്വന്തം സ്‌കൂളിൽ ക്യാമ്പ് നടത്താൻ കിട്ടിയ അവസരം എങ്ങനെ സ്‌കൂളിന്റെ വികസനത്തിന് വിനിയോഗിക്കാമെന്ന് ചിന്തിച്ചപ്പോഴാണ് പലവിധ കാരണങ്ങളാൽ വർഷങ്ങളായി പെയിന്റിംഗ് മുടങ്ങിക്കിടന്ന സ്‌കൂൾ കെട്ടിടം കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കെട്ടിടം പെയിന്റ് ചെയ്യാമെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനാവശ്യമായ തുകയും വിദ്യാർത്ഥികൾ തന്നെ സമാഹരിച്ചു. തുടർന്ന് പെയിന്റിംഗ് ജോലികളും വിദ്യാർത്ഥികൾ തന്നെ ഏറ്റെടുത്ത് പൂർത്തിയാക്കി. ക്യാമ്പിന്റെ സമാപന സമ്മേളനം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലൈഷ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാത്തിമ റഹിം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. സജീവ് വോളന്റിയർ സെക്രട്ടറിമാരായ നിയാസ് നൗഫൽ, സ്റ്റെഫി ബെന്നി എന്നിവർ സംസാരിച്ചു.