
കുമളി: സർവേക്കല്ല് പിഴുതെറിഞ്ഞ് വികസനം തടയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതികൾ ആര് എതിർത്താലും നടപ്പാക്കും. ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നത്. അത് പിടിവാശിയല്ല. ജനവിരുദ്ധ കാര്യങ്ങൾ സർക്കാർ ചെയ്യില്ല. തുടർഭരണം ഉണ്ടാകാതിരിക്കാൻ വലതുപക്ഷ മാദ്ധ്യമങ്ങളുടെ സഹായത്തോടെ യു.ഡി.എഫ്- ബി.ജെ.പി- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് നുണപ്രചാരണങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചെങ്കിലും അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ എൽ.ഡി.എഫിനു പിന്നിൽ അണിനിരന്നു. പുതിയ സർക്കാർ അധികാരമേറ്റയുടനെ വികസനവിരുദ്ധ മുദ്രാവാക്യവുമായി അവർ രംഗത്തുവരികയാണ്. മത്സരിച്ച് വികസനം തടയാനാണ് അവരുടെ ശ്രമം.
ബദലാകാൻ കോൺഗ്രസിനാകില്ല
ബി.ജെ.പി ഭരണത്തിന് ബദലാകാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ലെന്നും ജനങ്ങൾക്ക് അവരിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് തുടങ്ങിവച്ച സാമ്പത്തികനയങ്ങളാണ് ബി.ജെ.പി നടപ്പാക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. ബി.ജെ.പി മാറി കോൺഗ്രസ് അധികാരത്തിൽ വന്നാലും നയങ്ങൾ മാറില്ലെന്ന് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ തിരിച്ചറിയുന്നു. മതനിരപേക്ഷത സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. കോൺഗ്രസിന് അതിനു കഴിയുന്നില്ല. എന്നും വർഗീയതയുമായി സമരസപ്പെട്ട ചരിത്രമാണ് കോൺഗ്രസിനുള്ളത്. താനൊരു ഹിന്ദുവാണെന്നും ഹിന്ദുവിന്റെ ഭരണമാണ് രാജ്യത്ത് വേണ്ടതെന്നുമാണ് രാഹുൽഗാന്ധി പറഞ്ഞത്. ഈ പ്രസ്താവനയെ മതനിരപേക്ഷതയിൽ ഊന്നിനിന്ന് എതിർക്കാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറല്ല. രാഹുലിന്റെ പ്രസ്താവന മതനിരപേക്ഷ നിലപാടാണെന്ന് വ്യാഖ്യാനിക്കണമെങ്കിൽ അസാധാരണ തൊലിക്കട്ടിവേണം. ഇത്രമാത്രം അധഃപതിച്ച കോൺഗ്രസിനെ മതനിരപേക്ഷസമൂഹത്തിന് എങ്ങനെ വിശ്വാസത്തിലെടുക്കാനാകും. ജനങ്ങൾക്ക് കരുതലൊരുക്കി ബദൽനയം നടപ്പാക്കാൻ സന്നദ്ധരായി ഒട്ടേറെ പ്രബല പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്. അവരെ ശരിയായ രീതിയിൽ രംഗത്തിറക്കി വിവിധ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ വെല്ലുവിളി
വിലപ്പോകില്ല: കോടിയേരി
കുമളി: കെ -റെയിൽ പദ്ധതിയുടെ ഭാഗമായി പാത കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുതെറിയുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വെല്ലുവിളി കേരളത്തിൽ വിലപ്പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർവേ കല്ല് പിഴുത് മാറ്റിയതു കൊണ്ട് പദ്ധതി ഇല്ലാതാക്കാൻ സാധിക്കില്ല. അത്തരം ശ്രമങ്ങളിൽ നിന്ന് യു.ഡി.എഫ് പിന്തിരിയണം. ജനവികാരം മാനിക്കാതെ പദ്ധതി നടപ്പിലാക്കാതിരിക്കാനുള്ള കെൽപ്പ് കേരളത്തിലെ കോൺഗ്രസിനില്ല. വീരസ്യം പറയാനേ കഴിയൂ. വികസനത്തിന് തുരങ്കം വയ്ക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സംസ്ഥാനത്ത് പേരിന് പോലും കോൺഗ്രസ് ഉണ്ടായെന്ന് വരില്ല.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ആർ.എസ്.എസും എസ്.ഡി.പി.ഐയും ശ്രമം നടത്തുന്നുണ്ട്. ഇതിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണം. ആഭ്യന്തര വകുപ്പിന് പ്രത്യേക മന്ത്രി വേണമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിൽ
സിൽവർ ലൈൻ നടപടി മുന്നോട്ട്
എം.എച്ച്. വിഷ്ണു
തിരുവനന്തപുരം: ആര് എതിർത്താലും സെമി-ഹൈസ്പീഡ് റെയിൽ (സിൽവർ ലൈൻ) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെ, പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കെ-റെയിൽ. സ്വകാര്യഭൂമിയിൽ കല്ലിട്ട് അതിർത്തി തിരിച്ചശേഷം സാമൂഹ്യാഘാത പഠനം നൂറുദിവസത്തിനകം പൂർത്തിയാക്കും. പരിസ്ഥിതി ആഘാതപഠനം 14 മാസം കൊണ്ട് ഇ.ക്യു എം.എസ് ഇന്ത്യ ലിമിറ്റഡ് പൂർത്തിയാക്കും. ഏറ്റെടുക്കുന്ന 185 ഹെക്ടർ റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ റെയിൽവേ- കെ-റെയിൽ സംയുക്ത സംഘത്തിന്റെ സർവേ ഉടൻ ആരംഭിക്കും. റെയിൽവേ ഭൂമിയുടെ വില, റെയിൽവേയുടെ പദ്ധതിവിഹിതമായി കണക്കാക്കും. സിൽവർലൈൻ നടപ്പാക്കിയിരിക്കുമെന്ന് ഇടുക്കിയിലെ യോഗത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്ന് കൊച്ചിയിൽ പൗരപ്രമുഖരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. കെ-റെയിൽ എം.ഡി വി.അജിത്കുമാർ പദ്ധതി അവതരിപ്പിക്കും. വ്യവസായമന്ത്രി പി. രാജീവും പങ്കെടുക്കും.
സ്ഥലമെടുപ്പിന് 12 ഓഫീസുകൾ തുറന്നിട്ടുണ്ട്. സ്റ്റേഷനുകളുടെ രൂപകൽപ്പനയ്ക്ക് ടെൻഡർ വിളിച്ചിരിക്കുകയാണ്. പദ്ധതി നടപ്പാവുന്നതോടെ പൊതുഗതാഗതം ശക്തമാവുകയും നഗരങ്ങൾ വികസിക്കുകയും ചെയ്യുമെന്ന് സർക്കാർ വിലയിരുത്തുന്നു. പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിലൂടെ കൂടുതൽ നിക്ഷേപവും അതുവഴി തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. കാർബൺ ബഹിർഗമനം ഒട്ടുമില്ലാത്ത സമ്പൂർണ ഹരിതപദ്ധതിയായ അതിവേഗ റെയിൽ യാഥാർത്ഥ്യമാവുന്നതോടെ, റോഡിലെ ഗതാഗതവും ഗണ്യമായി കുറയ്ക്കും. നിത്യേന 500ചരക്കുവാഹനങ്ങൾ കൊണ്ടുപോകാവുന്ന റോ-റോ സർവീസും ഇതിലുണ്ടാവും. യാത്രക്കാരുടെ കാറുകളും കൊണ്ടുപോകാം.
20 മിനിട്ടിൽ ഒരു ട്രെയിൻ
# തിരക്കേറിയ സമയങ്ങളിൽ തുടക്കത്തിൽ ഓരോ 20മിനിട്ടിലും തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് സർവീസുണ്ടാവും. നിത്യേന 37സർവീസുകൾ ഓരോ ദിശയിലേക്കുമുണ്ടാവും.
# 2050ആകുമ്പോഴേക്കും ഓരോ ആറു മിനിട്ടിലും ഒരു സർവീസ് നടത്തും.
# യാത്രക്കാരുടെ എണ്ണം ഭാവിയിൽ 94672 (2030), 1,32,944 (2041), 1,58,946 (2052) എന്ന നിലയിൽ എത്തുമെന്നാണ് പ്രതീക്ഷ.
# സ്റ്റോപ്പ് ജില്ലാ കേന്ദ്രങ്ങളിൽ മാത്രമായതിനാൽ, മറ്റു സ്ഥലങ്ങളിൽ നിന്ന് അവിടെ എത്താൻ സൗകര്യം ഒരുക്കും. ഉദാഹരണത്തിന് ആറ്റിങ്ങലിൽ നിന്ന് ബസിൽ ടിക്കറ്റെടുത്താൽ കൊല്ലത്തോ തിരുവനന്തപുരത്തോ എത്തി സിൽവർലൈനിൽ യാത്ര തുടരാം.
#ചെറുനഗരങ്ങളിൽ നിന്ന് സിൽവർ ലൈൻ സ്റ്റേഷനുകളിലേക്ക് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ ഫീഡർ സർവീസുകളുണ്ടാവും. ഇ-ബസുകളും പരിഗണനയിൽ.
#റോഡ്, റെയിൽ വഴി 150കിലോ മീറ്ററിലേറെ യാത്ര ചെയ്യുന്നവരിൽ 10-38 ശതമാനം പേർ സിൽവർ ലൈനിലേക്ക് മാറുമെന്നാണ് പഠനറിപ്പോർട്ടിലുള്ളത്.
സ്റ്റേഷനുകൾ
#തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ
#കൊല്ലം റെയിൽവേ സ്റ്റേഷന് 7കി.മി അകലെ
#ചെങ്ങന്നൂർ സ്റ്റേഷന് നാലര കി.മി അകലെ
#കോട്ടയം റെയിൽവേ സ്റ്റേഷന് 4.85കി.മീ തെക്ക്
# കൊച്ചി കാക്കനാട് ഇൻഫോ പാർക്കിനടുത്ത്
#കൊച്ചി വിമാനത്താവള സ്റ്റേഷൻ അങ്കമാലിയിൽ
#കോഴിക്കോട്ട് ഭൂഗർഭ സ്റ്റേഷൻ
#കണ്ണൂർ റെയിൽവേ സ്റ്റേഷന് എതിരായി വലതുഭാഗത്ത്
#കാസർകോട്ട് നിലവിലെ സ്റ്റേഷനടുത്ത്