കട്ടപ്പന: റിവേഴ്‌സ് ഒസ്‌മോസിസ് പരിശോധനയിൽ രണ്ട് തവണയും ജലത്തിൽ ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ആരംഭിക്കാൻ കഴിയാതിരുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമായി. ഇന്നലെ രാവിലെ ആദ്യത്തെ രോഗിയ്ക്ക് ഡയാലിസിസ് നടത്തി. ലളിതമായ ചടങ്ങുകളോടെയാണ് യൂണിറ്റ് പ്രവർത്തിപ്പിച്ച് തുടങ്ങിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നഗരസഭാ അധ്യക്ഷ ബീനാജോബി ഡയാലിസിസ് മെഷീന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
2021 ഫെബ്രുവരി 16 നാണ് പത്ത് കിടക്കകളുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. എന്നാൽ പലവിധ കാരണങ്ങളാൽ പ്രവർത്തനം തുടങ്ങുന്നത് നീട്ടേണ്ടി വന്നു. കെട്ടിടത്തിലെ ശുചി മുറി ടാങ്കിന്റെ നിർമ്മാണം വൈകിയതും ഡയാലിസിസ് മെഷീൻ പ്രവർത്തിക്കുന്നതിനുള്ള യു.പി.എസ് ആവശ്യപ്പെട്ട സമയത്ത് ലഭിക്കാതെ ഇരുന്നതുമാണ് പ്രധാന കാരണമായത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലും ഡയാലിസിസ് യൂണിറ്റിലേയ്ക്കുള്ള ജലത്തിനുള്ളിൽ ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയതും വിനയായിരുന്നു. ഇതെല്ലാം പരിഹരിച്ചാണ് യൂണിറ്റ് ഇപ്പോൾ പൂർണ്ണ സജ്ജമായത്. ആദ്യ ഘട്ടത്തിൽ ഒരുഡോക്ടർ, ഒരു സ്റ്റാഫ് നഴ്‌സ്, ടെക്‌നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെസേവനമാണ് യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ദിവസം ഒമ്പത് പേരെ വരെ ഡയാലിസിസിന് വിധയമാക്കാവുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.ആഴ്ചയിൽ ആറ് ദിവസവും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവർത്തി സമയം.സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന തുകയേക്കാൾ കുറഞ്ഞ നിരക്കിലാകും ഇവിടെ ഡയാലിസിസ് ചെയ്യുക. പ്രവർത്തനോദ്ഘാടനത്തിൽ
നഗരസഭ വൈസ് ചെയർമാൻജോയ് ആനിത്തോട്ടം, താലൂക്ക് ആശുപത്രി സുപ്രണ്ട് കെ.ബി. ശ്രീകാന്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഏലിയാമ്മ കുര്യാക്കോസ് വാർഡ് കൗൺസിലർമാരായ ജോയ് വെട്ടിക്കുഴി, സിബി പാറപ്പായി, പ്രശാന്ത് രാജു തുടങ്ങിയവർ പ്രസംഗിച്ചു.