കുമളി: ഇടുക്കിയിലെ ചെങ്കൊടി ഇനി ജില്ലയിലെ കരുത്തുറ്റ നേതാവും മികച്ച സംഘാടകനുമായ സി.വി. വർഗീസിന്റെ കൈകളിൽ ഭദ്രം. 20 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗമായ സി.വി. വർഗീസ് ആദ്യമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതുനിയോഗം. ജയചന്ദ്രൻ തന്നെയാണ് സി.വി. വർഗീസിന്റെ പേര് നിർദേശിച്ചത്. ആദ്യഘട്ടത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.എൻ. മോഹനൻ, കെ.വി. ശശി എന്നിവരുടെയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു. എന്നാൽ ഭൂരിപക്ഷം ജില്ലാകമ്മിറ്റി അംഗങ്ങളുടെയും പിന്തുണ സി.വിക്കായിരുന്നു. എം.എം മണിയുടെയും പിന്തുണ വർഗീസിന് തുണയായി. സംസ്ഥാന നേതൃത്വവും അനുകൂല നിലപാടെടുത്തതോടെ എല്ലാവരും ഒറ്റക്കെട്ടായി സി.വി. വർഗീസിനെ തിരഞ്ഞെടുക്കുകയായിരുന്നു. 61കാരനായ സി.വി. വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. കെ.എസ്.വൈ.എഫ് അമ്പലമേട് യൂണിറ്റ് സെക്രട്ടറിയായിരുന്നു. നാലര പതിറ്റാണ്ടു നീണ്ട പൊതുപ്രവർത്തനത്തിനിടെ സംഘടനാരംഗത്ത് നിർണായക പദവികൾ വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയറ്റംഗവും നിലവിൽ കർഷകസംഘം ജില്ലാ പ്രസിഡന്റുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷനുമാണ്.
ചെങ്കൊടിയേന്തിയത് 18-ാം വയസിൽ
1961 ഒക്ടോബർ ഏഴിന് ചെള്ളക്കുഴിയിൽ വർഗീസ്- ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിലായിരുന്നു സി.വി. വർഗീസിന്റെ ജനനം. കട്ടപ്പന കാഞ്ചിയാറിൽ ബാല്യം. തുടർന്ന് തങ്കമണിയിലേക്ക് താമസം മാറി. 18-ാം വയസിൽ പാർട്ടിയംഗമായി. 1980ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറി, 1981ൽ തങ്കമണി ലോക്കൽ സെക്രട്ടറി, 1984ൽ ഇടുക്കി ഏരിയ കമ്മിറ്റിയംഗവും 1997ൽ ഏരിയ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗവും 2001 മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്. 1982ൽ ഡി.വൈ.എഫ്.ഐ ഇടുക്കി ഏരിയ സെക്രട്ടറിയും 1986ൽ ജില്ലാ പ്രസിഡന്റും 1987 മുതൽ 97 വരെ ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1991 മുതൽ 97 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായി. 2014 മുതൽ കർഷകസംഘം ജില്ലാ പ്രസിഡന്റാണ്. സുഭിക്ഷ കേരളം, പാലിയേറ്റീവ് കെയർ, നവമാധ്യമം, എ.കെ.എസ് എന്നിവയുടെ ചുമതലകളും വഹിക്കുന്നു. ഇടുക്കി മെഡിക്കൽ കോളേജ് എച്ച്.എം.സി മെമ്പറും കട്ടപ്പന, തങ്കമണി, ബഥേൽ സഹകരണ ആശുപത്രിയുടെ സ്ഥാപകനും ജൈവഗ്രാം ജില്ലാ സഹകരണസംഘം പ്രസിഡന്റുമാണ്. ആയിരത്തിൽപരം പാലിയേറ്റീവ് രോഗികൾക്ക് പരിചരണമേകുന്ന സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകനും അഡ്മിനിസ്‌ട്രേറ്ററുമായും പ്രവർത്തിക്കുന്നു. 2006ലും 2011ലും ഇടുക്കിയിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. കർഷകപ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ നിരവധി തവണ പൊലീസ്, ഗുണ്ടാമർദനങ്ങൾ ഏറ്റുവാങ്ങി. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ജിജിമോളാണ് ഭാര്യ. മക്കൾ: ജീവമോൾ, അമൽ. മരുമകൻ: സജിത്.
39അംഗ ജില്ലാ കമ്മിറ്റി, 10 പുതുമുഖങ്ങൾ, 4 വനിതകൾ
ജില്ലാസമ്മേളനം 39 അംഗ ജില്ലാ കമ്മിറ്റിയെയും 10 അംഗ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ യുവാക്കളടക്കം 10പേർ പുതുമുഖങ്ങളാണ്. നാല് വനിതകളും പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടവരിലുണ്ട്. നിലവിലുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയിൽ നിന്ന് എട്ടുപേരെ ഒഴിവാക്കി.
പുതുമുഖങ്ങൾ
ടി.എം. ജോൺ, എം.ജെ. വാവച്ചൻ, എം.എൻ. ഹരിക്കുട്ടൻ, ടി.എസ്. ബിസി, വി. സിജിമോൻ, രമേശ് കൃഷ്ണൻ, സുമ സുരേന്ദ്രൻ, സുശീല പി. ആനന്ദ്, പി.ബി. സബീഷ്, കെ.കെ. വിജയൻ
വനിതകൾ
കെ.എം. ഉഷ, ഷൈലജ സുരേന്ദ്രൻ, സുമാ സുരേന്ദ്രൻ, സുശീല ആനന്ദ്
ജില്ലാ കമ്മിറ്റിയംഗങ്ങൾ
കെ.കെ. ജയചന്ദ്രൻ, പി.എസ്. രാജൻ, സി.വി. വർഗീസ്, കെ.വി. ശശി, കെ.എസ്. മോഹനൻ, വി.എൻ. മോഹനൻ, വി.വി. മത്തായി, പി.എൻ. വിജയൻ, കെ.ആർ. സോദരൻ, എൻ.കെ. ഗോപിനാഥൻ, ആർ. തിലകൻ, എൻ.വി. ബേബി, വി.എ. കുഞ്ഞുമോൻ, ജി. വിജയാനന്ദ്, കെ.എൽ. ജോസഫ്, എം.ജെ. മാത്യു, കെ.എം. ഉഷ, ടി.ജെ. ഷൈൻ, കെ.ടി. ബിനു, എം.വി. ശശികുമാർ, റോമിയോ സെബാസ്റ്റ്യൻ, എം. ലക്ഷ്മണൻ, ടി.കെ. ഷാജി, ഷൈലജ സുരേന്ദ്രൻ, ആർ. ഈശ്വരൻ, നിശാന്ത് വി. ചന്ദ്രൻ, മുഹമ്മദ് ഫൈസൽ, വി.ആർ. സജി, എൻ.പി. സുനിൽകുമാർ, എം.ജെ. വാവച്ചൻ, ടി.എസ്. ബിസി, എം.എൻ. ഹരിക്കുട്ടൻ, കെ.കെ. വിജയൻ, പി.ബി. സബീഷ്, രമേശ് കൃഷ്ണൻ, ടി.എം. ജോൺ, സുമാ സുരേന്ദ്രൻ, സുശീല ആനന്ദ്, വി. സിജിമോൻ.
ജില്ലാ സെക്രട്ടറിയേറ്റ്
കെ.കെ. ജയചന്ദ്രൻ, സി.വി. വർഗീസ്, പി.എസ്. രാജൻ, കെ.വി. ശശി, വി.വി. മത്തായി, കെ.എസ്. മോഹനൻ, വി.എൻ. മോഹനൻ, ആർ. തിലകൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ. ഇതിൽ റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ എന്നിവർ പുതുമുഖങ്ങളാണ്.
ഒഴിവാക്കിയവർ
എൻ. ശിവരാജൻ, എസ്. രാജേന്ദ്രൻ, പി.എം.എ ബഷീർ, ടി.എം. കമലം, പി.ആർ. ഗോപാലകൃഷ്ണൻ, എം.എൻ. മോഹനൻ, എ. രാജേന്ദ്രൻ.
രാജേന്ദ്രൻ ചരട് പൊട്ടിയ പട്ടം: സി.വി. വർഗീസ്
കുമളി: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ചരടു പൊട്ടിയ പട്ടമാണെന്ന് സി.പി.എം നിയുക്ത ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. പാർട്ടി നയങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതാണ് രീതിയും പാർട്ടിക്കാരന്റെ ചുമതലയും. ഇത് ലംഘിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട പാർട്ടി ഘടകം തീരുമാനമെടുക്കുമെന്നും സി.വി. വർഗീസ് പറഞ്ഞു.