കുമളി: ജില്ലയിലെ ഭൂപ്രശ്നത്തിൽ എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അതിസങ്കീർണമായ ഭൂപ്രശ്നങ്ങളിൽ ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ ഇടതുപക്ഷ സർക്കാരിനായിട്ടുണ്ട്. ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നടപടിയെടുക്കും. വികസനമെന്നത് നാടിന്റെ ആവശ്യമാണ്. ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നത്. ഒരു അത് പിടിവാശിയല്ല. ജനവിരുദ്ധ കാര്യങ്ങളും കാര്യങ്ങൾ സർക്കാർ ചെയ്യില്ല. ജനതാത്പ്പര്യം മുൻനിർത്തിയുള്ള നടപടികളെ ഏതെങ്കിലും നിക്ഷിപ്ത താത്പര്യക്കാർ എതിർക്കാൻ വന്നാൽ അതുപേക്ഷിക്കില്ല. തുടർഭരണം ഉണ്ടാകാതിരിക്കാൻ വലതുപക്ഷ മാദ്ധ്യമങ്ങളുടെ സഹായത്തോടെ യു.ഡി.എഫ് ബി.ജെ.പി ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് നുണപ്രചാരണങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചെങ്കിലും അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ എൽ.ഡി.എഫിനു പിന്നിൽ അണിനിരന്നു. വികസനകാര്യങ്ങളിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാടാണ് ജനങ്ങളെ കൂടെനിർത്തിയതെന്ന് തിരിച്ചറിഞ്ഞ നുണപ്രചാരകർ വീണ്ടും ഒത്തുകൂടി. പുതിയ സർക്കാർ അധികാരമേറ്റയുടനെ വികസനവിരുദ്ധ മുദ്രാവാക്യവുമായി അവർ രംഗത്തുവരികയാണ്. മത്സരിച്ച് വികസനം തടയാനാണ് അവരുടെ ശ്രമം. ഏതാനും ചിലരുടെ എതിർപ്പിന്റെ പേരിൽ വികസനം നടപ്പാക്കാതിരിക്കാനാവില്ല. അങ്ങനെ വന്നാൽ 45 മീറ്റർ ദേശീയപാതയും ഗെയിൽ പൈപ്പുലൈനുമൊന്നും ഇവിടെ ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.