തൊടുപുഴ: നഗരസഭാ പാർക്ക് അറ്റകുറ്റപ്പണിയും മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിന്റെ പൂർത്തീകരണവും വൈകുന്നതിൽ കൗൺസിലിൽ വിമർശനം. വിവിധ വാർഡുകൾ നേരിടുന്ന ശുദ്ധജലക്ഷാമവും കൗൺസിലിൽ ചർച്ചക്ക് വന്നു. ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായി.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നഗരസഭാ പാർക്ക് തുറന്ന് നൽകാത്തതെന്തുകൊണ്ടാണെന്ന് വാർഡ് കൗൺസിലറും ബി.ജെ.പി അംഗവുമായ ജയലക്ഷ്മി ഗോപനാണ് ആദ്യം ചോദ്യം ഉന്നയിച്ചത്. ഇതോടെ യു.ഡി.എഫ്. കൗൺസിലർമാരും വിമർശനവുമായി രംഗത്തെത്തി. പാർക്കിന്റെ വിഷയം പലതവണ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ഇവർ ആരോപിച്ചു. യു.ഡി.എഫ്. കൗൺസിലർമാരായ കെ.ദീപക്, സഫിയ ജബ്ബാർ, സനുകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൂറുകണക്കിന് ആളുകൾ എത്തിക്കൊണ്ടിരുന്ന പാർക്ക് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ അടച്ചിട്ടിരിക്കുന്നത് പ്രതിഷേധാർഹമണെന്ന് ബി.ജെ.പി. കൗൺസിലർമാരായ ടി.എസ്.രാജൻ, പി.ജി.രാജശേഖരൻ എന്നിവർ പറഞ്ഞു. എർത്ത് വർക്കുകൾ, ഇലക്ട്രിക്ക് ജോലികൾ എന്നിവ തീർക്കാനുണ്ട്. കളിയുപകരണങ്ങളും നന്നാക്കണം.
മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിന്റെ പണികൾ പൂർത്തിയാക്കതിനെതിരെ യു.ഡി.എഫാണ് രംഗത്ത് വന്നത്. യു.ഡി.എഫിന്റെ കാലത്ത് 95 ശതമാനം പണികളും പൂർത്തിയായിട്ടും പുതിയ എൽ.ഡി.എഫ്. ഭരണ സമിതി ഷോപ്പിങ് കോംപ്ലക്‌സ് അവഗണിക്കുകയാണെന്ന് ഇവർ ആരോപിച്ചു. പണി തീർത്ത് ജനുവരി ഒന്നിന് തുറന്ന് നൽകുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചു. ഇതിനായി വാർഡ് ഫണ്ടിൽ നിന്ന് വകമാറ്റിയ 70 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, പണികളൊന്നും നടന്നില്ലെന്നും കടമുറികൾ വാടകയ്ക്ക് എടുത്തവർ അടച്ച പണം തിരികെ ആവശ്യപ്പെട്ട് തുടങ്ങിയെന്നും യു.ഡി.എഫ്. ആരോപിച്ചു. നഗരസഭ എൻജിനിയറിങ് വിഭാഗത്തിന് എതിരെയും പ്രതിഷേധം ഉയർന്നു.
ഒളമറ്റം, അറയ്ക്കപ്പാറ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തേക്കുറിച്ച് കൗൺസിലർമാരായ മിനിമധു, ഷീൻ വർഗീസ് എന്നിവരാണ് സംസാരിച്ചത്. ജല അതോറിറ്റി പരാതിപ്പെട്ടാലും ഒരു നടപടിയും ഇല്ലെന്ന് ഇവർ പറഞ്ഞു. മറ്റ് വാർഡുകളിലും ഇതേ പ്രശ്‌നമുണ്ടെന്ന് കൗൺസിലർമാർ അറിയിച്ചു.