കുമളി: തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിലും മറ്റ് സമര പ്രക്ഷോഭങ്ങളിലും പാർട്ടിയ്ക്ക് ജില്ലയിൽ വിജയകരമായ നേതൃത്വം നൽകിയതിന്റെ തികഞ്ഞ അഭിമാനത്തോടെയാണ് കെ.കെ. ജയചന്ദ്രൻ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയുന്നത്.
നിലവിൽ സംസ്ഥാന കമ്മിറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ജയചന്ദ്രൻ. 2001, 2006, 2011 കാലയളവിൽ ഉടുമ്പൻചോലയിൽനിന്ന് നിയമസഭയെ പ്രതിനിധീകരിച്ചു. മേഖലയിൽ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടു. 1970ൽ പാർട്ടി അംഗമായി. 1995ലാണ് ആദ്യമായി സി.പി.എം ജില്ലാ സെക്രട്ടറിയായത്. പിന്നീട് 2012ൽ ജില്ലാ സെക്രട്ടറി എം.എം. മണിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ആക്ടിങ് സെക്രട്ടറിയായി. ഒരു വർഷം ചുമതല വഹിച്ചു. 2015 ജനുവരിയിൽ മൂന്നാർ സമ്മേളനത്തിലും 2018ലെ കട്ടപ്പന സമ്മേളനത്തിലും സെക്രട്ടറിയായി. സെറിഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുകൂടിയാണ്.