തൊടുപുഴ: കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ വിശ്രമ കേന്ദ്രത്തിന്റെയും വിപണന ശാലയുടെയും നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. തൊടുപുഴ- അടിമാലി റോഡിനോട് ചേർന്ന് കുമാരമംഗലത്ത് 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം പണിയുന്നത്. വഴിയാത്രക്കാർക്ക് വിശ്രമിക്കാനിടവും ലഘു ഭക്ഷണ ശാലയും ഉൾപ്പെടുന്ന ഇരുനില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒന്നാം നിലയുടെ പണികൾ പൂർത്തിയായി വരുന്നു. വികലാംഗർ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് പ്രത്യേക ടോയ്ലെറ്റുകളും ഒരുക്കും. മൂന്ന് സെന്റ് സ്ഥലത്ത് കെട്ടിടത്തോടനുബന്ധിച്ച് പൂന്തോട്ടവും നിർമ്മിക്കും. മുറികളുടെ ഷട്ടറുകൾ സ്ഥാപിക്കണം. ടെയിൽ വർക്കുകളും അവശേഷിക്കുന്നുണ്ട്. രണ്ടാം നിലയുടെ നിർമ്മാണത്തിന് 10 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഹരിതകർമ്മ സേന അംഗങ്ങളുടെ വരുമാന മാർഗമായാണ് വിപണന ശാല തുടങ്ങുന്നത്. 25 അംഗ ഹരിത കർമ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ 4,40,​000 രൂപയും നിക്കിവെച്ചിട്ടുണ്ട്.

മാലിന്യനിർമ്മാർജ്ജനത്തിന്റെ ഭാഗമായി ആയിരം വീടുകളിൽ കമ്പോസ്റ്റ് ബിൻ സ്ഥാപിക്കും. 18 ലക്ഷം രൂപയുടെ പദ്ധതിയാണ്. ശുചിത്വ മിഷ്യന്റെ സഹകരണത്തോടെ കമ്പോസ്റ്റ് പിറ്റ്, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ വാർഡുകളിലും കമ്പോസ്റ്റ് ബിൻ എന്നിവയുടെ നിർമ്മാണം നടന്നു വരുന്നു. ഈസ്റ്റ് കലൂർ ഗവ. സ്കൂൾ, കറുക ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ വേസ്റ്റ് വെള്ളം ശുചീകരിക്കാൻ സംവിധാനം ഒരുക്കും. 96 പേർക്ക് കക്കൂസ് മെയിൻെറ് നടത്താൻ അമ്പതിനായിരം രൂപ വീതം നൽകി. എല്ലാ വാർഡുകളിലും പച്ചക്കറി തൈകളുടെ വിതരണവും നടത്തി.

കുടിവെള്ള പദ്ധതിക്ക് 15 കോടി

ജലജീവൻ പദ്ധതിയിൽ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കാൻ 15 കോടിയുടെ പദ്ധതി നടപ്പാക്കും. ചോഴംകുടിപാറ, കൊടകശ്ശേരി പാറ എന്നിവിടങ്ങളിൽ പുതിയ വാട്ടർ ടാങ്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏഴല്ലൂരിലെ വാട്ടർ ടാങ്കും ഉൾപ്പെടുത്തിയാണ് പദ്ധതി. പഞ്ചായത്ത് 15 ശതമാനവും ഗുണഭോക്താക്കൾ 10 ശതമാനവും, ബാക്കി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുമാണ് വഹിക്കുന്നത്. ഇത് പൂർത്തികരിക്കുന്നതോടെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാൻ കഴിയും.

ജലപരിശോധന സംവിധാനം

ഹരിത കേരള മിഷ്യന്റെ സഹകരണത്തോടെ കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ ജലപരിശോധന ആരംഭിക്കും. ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി തുടങ്ങുന്നത്. 10ന് രാവിലെ 10.30ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഓപ്പൺ ജിം പദ്ധതി

കുമാരമംഗലം കുടുംബ രോഗ്യകേന്ദ്രത്തിൽ ഓപ്പൺ ജിം പദ്ധതി നടപ്പാക്കും. മിഷ്യനറികൾ സജ്ജമായി. അടുത്ത മാസം മുതൽ പ്രവർത്തനം ആരംഭിക്കും.

നീന്തൽകുളം നവീകരിക്കും

മെലാടുംചിറ പ്ലാൻേഷനിലെ കുളം നവീകരിച്ച് നിന്തൽ കുളമാക്കും. 9.5 ലക്ഷം രൂപ പദ്ധതിക്ക് വിനിയോഗിക്കും. 400 വനിതകൾക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും.

ബാല്യം പദ്ധതി

ജില്ലയിൽ ആദ്യമായി ബാല്യം പദ്ധതി നടപ്പാക്കി. ആറ് മാസം മുതൽ 12വയസ് വരെയുള്ള കുട്ടികളുടെ പകർച്ചവ്യാധികൾ തടയാൻ ലക്ഷ്യമിട്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തി. കൗമാരകാർക്ക് മെഡിക്കൽ ക്യാമ്പുകളും ബോധവത് കരണ ക്ലാസും സംഘടിപ്പിക്കും. സ്ത്രീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി വിവിധ മെഡിക്കൽ ക്യാമ്പുകൾ നടത്തും.

'റോഡുകളുടെ വികസനത്തിനും പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അറ്റകുറ്റപണികൾക്കും 1,25,​75,​752 രൂപ വകയിരുത്തിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ 56 വീടുകൾ പൂർത്തിയായി. 20 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മാർച്ച് 31നകം പണിനടക്കുന്ന വീടുകളും പൂർത്തീകരിക്കും."

-ഷെമീന നാസർ (കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ്)