tiger

കുമളി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കടുവാക്കുട്ടി മംഗളയുടെ തിമിര ചികിത്സക്കായി അമേരിക്കയിൽ നിന്ന് തുള്ളി മരുന്നെത്തിക്കും. രാജ്യത്ത് ആദ്യമായാണ് കടുവയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം വിശദമായ പരിശോധന നടത്താൻ നാല് ഡോക്ടർമാർ അടങ്ങുന്ന ആറംഗ സംഘത്തെ കഴിഞ്ഞമാസം എട്ടിന് നിയോഗിച്ചിരുന്നു. ഇവർ കടുവയെ പരിശോധിച്ചശേഷമാണ് അമേരിക്കയിൽ നിന്ന് ലാനോ സ്റ്റെറോൾ എന്ന മരുന്ന് എത്തിക്കാൻ തീരുമാനിച്ചത്. അമേരിക്കയിൽ ഒരു കടുവയിലും കേരളത്തിൽ ഒരു നാട്ടാനയ്ക്കും ഈ മരുന്ന് ഉപയോഗിച്ച് മുമ്പ് ചികിത്സ നൽകിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഒരു വയലിന് 16,000 രൂപയിലധികമാണ് വില.

2020 നവംബർ 23നാണ് മംഗളാ ദേവീ ക്ഷേത്രത്തിന് സമീപത്ത് നിന്ന് വനപാലകർക്ക് രണ്ട് മാസം പ്രായമുള്ള കടുവ കുട്ടിയെ കിട്ടുന്നത്. അവശയായ കുഞ്ഞിനെ തേടി അമ്മക്കടുവ എത്തുമെന്ന് കരുതി വനപാലകർ രണ്ട് ദിവസം കാട്ടിൽ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിൻകാലുകൾക്ക് ബലക്ഷയമുള്ള കുഞ്ഞിനെ വനംവകുപ്പ് ഏറ്റെടുത്തു. മംഗളാ ദേവീ ക്ഷേത്രത്തിന് സമീപത്ത് നിന്നായതിനാൽ മംഗളയെന്ന പേരുമിട്ടു. മനുഷ്യരുമായി അധികം ഇടപഴകാതിരിക്കാൻ കരടിക്കവല ഭാഗത്ത് വേലി കെട്ടിത്തിരിച്ച് മംഗളയെ അവിടേക്ക് മാറ്റി. രണ്ട് വനപാലകരെയും ഒരു ഡോക്ടറേയും പരിചരണത്തിനായി നിയോഗിച്ചു. പിൻകാലിലെ ബലക്കുറവ് ഫിസിയോതെറാപ്പിയിലൂടെ ഭേദമാക്കി. കൃത്രിമ കുളത്തിലെ നീന്തലും കാലിന് ബലം നൽകി. നല്ല ഭക്ഷണവും ചികിത്സയും അവളെ മിടുക്കിയാക്കി. തുടർന്ന് കാട്ടിലേക്ക് വിടുന്നതിന് മുന്നോടിയായി മംഗളയെ ഇരപിടിക്കാൻ പരിശീലനം നൽകുന്നതിന് പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേയ്ക്ക് മാറ്റി.

ഇതിനിടയിലാണ് കണ്ണിന് തിമിരം ബാധിച്ചതിനാൽ കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സ തുടങ്ങി. ദേശീയ കടുവാ സംരക്ഷണ അതോറിട്ടിതിയുടെ നിർദേശപ്രകാരം കൂടുതൽ പരിശോധന നടത്താൻ നാല് ഡോക്ടർമാരടങ്ങുന്ന ആറംഗ സംഘത്തെ നിയോഗിച്ചു. വയനാട് കേരള വെറ്റിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി എച്ച്.ഒ.ഡി ഡോ. ശ്യാം കെ. വേണുഗോപാൽ, ഡോ. സൂര്യദാസ്, വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സഖറിയ, അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അനുരാജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് മംഗളയെ പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ തീരുമാനിച്ചത്.
രോഗം പൂർണമായി ഭേദമായാൽ മാത്രമേ വനത്തിലേക്ക് തിരികെ അയക്കൂ. 40 കിലോയോളം തൂക്കമുള്ള കടുവക്കുട്ടിക്ക് ഇപ്പോൾ 15 മാസം പ്രായമുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല, ഇരപിടിക്കുന്നുമുണ്ട്. ഒരു മാസത്തിന് ശേഷം സംഘം വീണ്ടും പരിശോധന നടത്തും.

'വന്യമൃഗമായതിനാൽ ശസ്ത്രക്രിയ സാധ്യമല്ല. അതിനാലാണ് ഈ തുള്ളിമരുന്ന് എത്തിക്കാൻ തീരുമാനിച്ചത്. മരുന്ന് ഇന്ത്യയിൽ നിലവിൽ ലഭ്യമല്ലാത്തതിനാലാണ് വിദേശത്ത് നിന്നെത്തിക്കുന്നത്"

-ഡോ. ശ്യാം കെ. വേണുഗോപാൽ ( എച്ച്.ഒ.ഡി,​ കേരള വെറ്റിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി,​ വയനാട്)​