bus

കട്ടപ്പന : ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂൾ ബസ് ഇരട്ടയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തേയ്ക്ക് ഓടിയിറങ്ങി. ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിന്റെ ബസാണ് വിദ്യാർത്ഥികളെയും കൊണ്ടുള്ള മടക്കയാത്രയിൽ നാലു മുക്കിൽ അപകടത്തിൽപ്പെട്ടത്.ഡ്രൈവറും, വിദ്യാർത്ഥികളുമടക്കം എട്ട് പേർക്ക് പരിക്കേറ്റു. വിദ്യാർത്ഥികളായ ഗോകുൽ വിനോദ് (10), നിയാ നോജ് (11), ഗോപിക വിനോദ് (15), ഏയ്ഞ്ചൽ സുഭാഷ് (10), ജെറോം (10), ഗായത്രി ശ്രീനിവാസ് (11), അലന്റ് അനീഷ് (10), ബസിന്റെ ഡ്രൈവർ ഇ.കെ അജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. നാല്മുക്ക് കറ്റിയാമല കടയ്ക്ക് സമീപത്തെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം നഷ്ടമായ ബസ് സമീപത്തെ മരത്തിൽ ഇടിച്ച ശേഷം റോഡിൽ നിന്നും തെന്നി മാറി ഇരട്ടയാർ ഡാമിന്റെ പദ്ധതി പ്രദേശത്തേയ്ക്ക് ഓടിയിറങ്ങുകയായിരുന്നു.
വിവിധ ക്ലാസ്സുകളിൽ പഠിയ്ക്കുന്ന പന്ത്രണ്ടോളം വിദ്യാർത്ഥികളാണ് സംഭവ സമയം വാഹനത്തിൽ ഉണ്ടായിരുന്നത്. ബസിന്റെ മുൻ സീറ്റിൽ ഇരുന്ന ഏഴു വിദ്യാർത്ഥികൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഓടി കൂടിയ നാട്ടുകാരുടെയും ഇവിടെ ഉണ്ടായിരുന്ന ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരിക്ക് പറ്റിയവരെ ഉടൻ തന്നെ ജീപ്പിലും, കാറിലുമായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


• ഒരു മാസം മുൻപ് വരെ വെള്ളം കയറിക്കിടന്ന പ്രദേശം

നവംബർ അവസാന ആഴ്ച്ച വരെ വെളളം കയറിക്കിടന്ന പ്രദേശത്താണ് അപകടം നടന്നത്.ഇരട്ടയാർ ഡാമിന്റെ വൃഷ്ടിപ്രദേശമായതിനാൽ ജലനിരപ്പ് ഉയർന്നാൽ ഈ ഭാഗത്ത് വെള്ളം കയറുന്നത് പതിവാണ്. മഴ കുറഞ്ഞതോടെ അടുത്തിടെയാണ് ജലനിരപ്പ് താഴ്ന്നത്.ചതുപ്പ് പ്രദേശമായതിനാൽ നിയന്ത്രണം നഷ്ടമായ ബസ് മറിയാതെ ഇരുന്നതും വൻ അപകടം ഇല്ലാതാക്കി.