വനംവകുപ്പിന്റെ അനുമതിക്കായി പ്രത്യേകയോഗം വിളിക്കും
ഇടുക്കി: ദേശീയ പാത 85ൽ മൂന്നാർ- ബോഡിമെട്ട് റോഡിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവൻ സ്ഥലങ്ങളിലെയും പ്രവൃത്തി ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. വനംവകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കും. 41.78 കിലോമീറ്ററിൽ 3.32 കിലോമീറ്ററിലാണ് വനംവകുപ്പിന്റെ അനുമതി ആവശ്യം. ബാക്കി 38.46 കിലോമീറ്റർ റോഡിന്റെയും പ്രവൃത്തി പുരോഗതി യോഗം വിലയിരുത്തി. ബാക്കിയുള്ള എല്ലാ പ്രവൃത്തിയും അടിയന്തരമായി പൂർത്തിയാക്കാൻ മന്ത്രി കരാറുകാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഇനി പദ്ധതിയിൽ ഒരു തരത്തിലുള്ള കാലതാമസം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന് കൈമാറാനുള്ള ഫണ്ട് പൂർണതോതിൽ കൈമാറുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിക്കും. വനംവകുപ്പിന്റെ അനുമതി ലഭിക്കേണ്ട മേഖലകളിൽ ഏപ്രിലോടെ പ്രവൃത്തി പൂർത്തിയാക്കാനാകുന്ന തരത്തിൽ ക്രമീകരിക്കാനും യോഗം തീരുമാനിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, ദേശീയ പാതാ വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.