
സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ ഓരോ ജില്ലയിലും നടന്നുവരികയാണ്. ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ കഴിഞ്ഞ് ജില്ലാ സമ്മേളനങ്ങളിലെത്തി നില്‌ക്കുന്നു. ഇക്കാലത്തും ഇതുപോലെ ചിട്ടയായി സമ്മേളനങ്ങൾ നടത്തി ഉൾപ്പാർട്ടി ജനാധിപത്യ സംവിധാനത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഒരു പാർട്ടിയും ഇന്ത്യയിലുണ്ടാകില്ല. അതോടൊപ്പം ഇടുക്കിയിലടക്കം ജില്ലാ സമ്മേളനം പൂർത്തിയായപ്പോൾ കണ്ട കാഴ്ച വലിയ തോതിൽ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ പാർട്ടി പ്രത്യേകം ശ്രമിക്കുന്നുവെന്നതാണ്. ഇടുക്കിയിൽ ചെങ്കൊടി പിടിക്കാൻ നിയോഗിക്കപ്പെട്ടത് 61കാരനായ സി.വി. വർഗീസാണ്. 20 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗമായ സി.വി. വർഗീസ് ആദ്യമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതുനിയോഗം. ജയചന്ദ്രൻ തന്നെയാണ് സി.വി. വർഗീസിന്റെ പേര് നിർദേശിച്ചത്. ആദ്യഘട്ടത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.എൻ. മോഹനൻ, കെ.വി. ശശി എന്നിവരുടെയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു. എന്നാൽ ഭൂരിപക്ഷം ജില്ലാകമ്മിറ്റി അംഗങ്ങളുടെയും പിന്തുണ സി.വിക്കായിരുന്നു. എം.എം മണിയുടെയും പിന്തുണ വർഗീസിന് തുണയായി. സംസ്ഥാന നേതൃത്വവും അനുകൂല നിലപാടെടുത്തതോടെ എല്ലാവരും ഒറ്റക്കെട്ടായി സി.വി. വർഗീസിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടൊപ്പം ജില്ലാസമ്മേളനത്തിൽ 39 അംഗ ജില്ലാ കമ്മിറ്റിയെയും 10 അംഗ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ യുവാക്കളടക്കം 10പേർ പുതുമുഖങ്ങളാണ്. നാല് വനിതകളും പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടവരിലുണ്ട്. നിലവിലുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയിൽ നിന്ന് എട്ടുപേരെ ഒഴിവാക്കിയിട്ടുമുണ്ട്.
സ്വാതന്ത്ര്യം ചർച്ചകളിൽ
അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത കേഡർ പാർട്ടിയാണ് സി.പി.എമ്മെന്ന് എതിരാളികൾ എപ്പോഴും പറയാറുണ്ട്. എന്നാൽ ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ കരുത്തനായ പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെയടക്കം വിമർശിക്കാൻ പ്രതിനിധികൾ ധൈര്യം കാട്ടി. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയതിനാൽ വകുപ്പിന് പ്രത്യേകം മന്ത്രി വേണമെന്നാണ് പ്രതിനിധിസമ്മേളനത്തിൽ ആവശ്യമുയർന്നത്. അടുത്തിടെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജനവിരുദ്ധ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു വിമർശനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ അവരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു. പൊലീസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നു. ഇന്റലിജൻസ് സംവിധാനം പൂർണമായും പരാജയമാണ്. പൊലീസിൽ ഒരു വിഭാഗം സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. ഇത് കണ്ടെത്താൻ ശ്രമിക്കണം. പൊലീസിൽ അഴിച്ചുപണി വേണം. പൊലീസ് അസോസിയേഷന് വേണ്ടത്ര ശുഷ്‌കാന്തിയില്ല. ഒറ്റുകാരെയും സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംവിധാനം കാര്യക്ഷമമാക്കാൻ പാർട്ടി ഇടപെടണം- ഇങ്ങനെ പോകുന്നു വിമർശനം. വനം- റവന്യൂ വകുപ്പുകൾക്കെതിരെയും പ്രതിനിധികൾ ഒന്നാകെ രംഗത്തെത്തി. എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിനനുസരിച്ചല്ല ഈ വകുപ്പുകളുടെ പ്രവർത്തനമെന്നും പ്രതിനിധികൾ പറഞ്ഞു.
രാജേന്ദ്രന്റെ കത്തിലെ കുത്ത്
മൂന്ന് തവണ ദേവികുളം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും ജില്ലാ കമ്മിറ്റിയംഗവുമായ എസ്. രാജേന്ദ്രൻ ഇപ്പോൾ പാർട്ടി നടപടിക്ക് കാത്തുനിൽക്കുന്ന നേതാവാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ പാർട്ടി സ്ഥാനാർത്ഥിയായ എ.രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയോട് ശുപാർശ ചെയ്യുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജേന്ദ്രൻ പാർട്ടിയിൽ സജീവമല്ലായിരുന്നു. ബ്രാഞ്ച് മുതൽ ഏരിയാകമ്മിറ്റി വരെയുള്ള ഒരു സമ്മേളനത്തിലും ഇത്തവണ പങ്കെടുത്തില്ല. ജില്ലാ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും നൽകിയില്ല. രാജേന്ദ്രൻ പാർട്ടിയുമായി സഹകരിക്കാത്തതും മാദ്ധ്യമങ്ങളിലൂടെ പ്രസ്താവനകൾ നടത്തുന്നതും സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.എം. മണി പരസ്യമായി വിമർശിച്ചിരുന്നു. ഇതോടെ പാർട്ടി വിടുമെന്നും അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയെത്തിയ ജില്ലാ സമ്മേളനത്തിലും പ്രധാന ചർച്ചാ വിഷയം രാജേന്ദ്രനായിരുന്നു. സമ്മേനത്തിന്റെ ആദ്യദിവസം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിൽ തന്നെ രാജേന്ദ്രന് വിമർശനമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര് പറഞ്ഞില്ലെന്നും പറയണമെന്ന് ജില്ലാ നേതാക്കൾ നിർദേശിച്ചിട്ട് അനുസരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. തുടർന്നാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ഇതാണ് രാജേന്ദ്രനെതിരെ നടപടിക്ക് ശുപാർശ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പിറ്റേന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ രാജേന്ദ്രനെതിരെ നടപടിയെടുക്കാൻ വൈകിയതിൽ ജില്ലാ നേതൃത്വത്തിനെതിരെ പ്രതിനിധികൾ രൂക്ഷവിമർശനമുന്നയിച്ചു. ആലപ്പുഴയിൽ ജി. സുധാകരനെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നേരത്തേ നടപടിയെടുത്തിരുന്നെങ്കിൽ വിഷയം മാദ്ധ്യമങ്ങളിൽ ഇത്രയും ചർച്ചയാകില്ലായിരുന്നെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
എന്നാൽ തനിക്കെതിരായ വിമർശനങ്ങൾക്ക് ഒരു കത്തിലൂടെയാണ് രാജേന്ദ്രൻ മറുപടി നൽകിയത്. എം.എം. മണിയടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായഭിന്നതകൾ തുറന്നുകാട്ടുന്ന, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നത് എങ്ങനെയെന്ന് വ്യക്തമല്ല. എം.എം. മണിയുടെ പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് രാജേന്ദ്രന്റെ വാദം. തിരുവനന്തപുരത്ത് എം.എൽ.എ ഓഫീസിലെത്തി പാർട്ടിയിലെ പ്രശ്‌നങ്ങൾ അറിയിച്ചപ്പോൾ എം.എം. മണി തന്നെ അപമാനിച്ചെന്നും അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാൻ ദേഷ്യപ്പെട്ട് പറഞ്ഞെന്നും കത്തിൽ വ്യക്തമാക്കുന്നു. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സഹായിച്ചാൽ തന്റെ സ്വഭാവം മാറുമെന്നും എം.എം. മണി പറഞ്ഞു. ജില്ലയിലെ മുതിർന്ന നേതാവ് കെ.വി. ശശിക്കെതിരെയും ആരോപണങ്ങളുണ്ട്. കെ.വി. ശശി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റിനിറുത്തിയെന്നും യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് ആരോപണം. പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെടുന്നത്.