തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ ജൈവ വൈവിധ്യ ഉദ്യാനം ആരംഭിക്കാൻ നടപടി തുടങ്ങി. തെക്കുംഭാഗത്ത് എം.വി.ഐ.പിയുടെ വലതുകര കനാലിന്റെ ഭാഗത്ത് 15 സെന്റ് സ്ഥലത്താണ് പദ്ധതി വരുന്നത്. ഗ്രാമ പഞ്ചായത്തും സർക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ വിനിയോഗിക്കുക. കനാലിന്റെ ഇരു വശങ്ങളിലും കാട് പിടിച്ചു കിടക്കുന്നത് വൃത്തിയാക്കും. നിലവിലുള്ളവ നിലനിറുത്തി കൂടുതൽ മരങ്ങൾ വിവിധ ചെടികളും വച്ചു പിടിപ്പിക്കും. ശലഭ പാർക്ക്, കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം, ഇരിപ്പിടങ്ങൾ തുടങ്ങിയവയും സ്ഥാപിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്യാന പരിപാലനം നടത്തും. ഇനി ഞാൻ ഒഴുകട്ടെ, പുഴ ഒഴുകട്ടെ എന്ന പദ്ധതിയിലും ഇടവെട്ടി പഞ്ചായത്ത് മാതൃകയാകുകയാണ്. 13 വാർഡുകളിലെയും നീർച്ചാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതാണ് പദ്ധതി. വൃത്തിഹീനമായി കിടന്ന തോടുകൾ ശുദ്ധീകരിച്ച് വെള്ളത്തിന്റെ സ്വഭാവിക ഒഴുക്കിന് തടസമില്ലാതെ മാറ്റിയതോടൊപ്പം ഇരുവശങ്ങളിലെയും കാടുകളും വെട്ടി തെളിച്ച് വൃത്തിയാക്കി. പ്രളയത്തിൽ മണ്ണും കല്ലും വന്ന് മൂടിയ നീർച്ചാലുകളും പഴയ നിലയിലാക്കി. വീടുകളിലെയും കടകളിലെയും മാലിന്യങ്ങൾ കൊതകുത്തിയിലെ കളക്ഷൻ സെന്ററിൽ എത്തിച്ച് തരംതിരിച്ച് ഗ്രീൻ കേരള കമ്പനിക്ക് നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ രണ്ട് കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി. നീർച്ചാലുകളുടെ സംരക്ഷണവും ജലസേചനവും ഉറപ്പാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ വിനിയോഗിച്ചു. കമ്മ്യൂണിറ്റി കിച്ചൻ, ഡി.സി.സി എന്നിവയുടെ പ്രവർത്തനം മികവുറ്റതാക്കി. 'ഹലോ ഇടവെട്ടി" പദ്ധതിയിൽ കൊവിഡ് കാലത്ത് മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. ഭക്ഷണത്തിന് ബുദ്ധിമുട്ടിയവർക്ക് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നാല് നേരം വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകി. 172 കൊവിഡ് ബാധിത കുടുംബങ്ങൾക്ക് 750 രൂപയുടെ ഭക്ഷ്യ കിറ്റുകൾ നൽകി. അഗതിരഹിത കേരളം പദ്ധതിയിൽ 94 കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുണ്ട്. പഞ്ചായത്ത് നൽകുന്ന കാ‌ർഡ് പ്രകാരം രണ്ട് പേർ അടങ്ങുന്ന കുടുംബത്തിന് 750 രൂപയുടെയും അതിൽ കുടുതൽ അംഗങ്ങളുള്ള കുടുംബത്തിന് 900 രൂപയുടെയും കിറ്റുകളാണ് മാവേലി സ്റ്റോർ വഴി നൽകുന്നത്. കൊതകുത്തിയിൽ നിർമ്മിച്ചിരിക്കുന്ന പകൽ വീട് സായംപ്രഭ പദ്ധതിയിൽ ഉൾപ്പെടുത്തി മെച്ചപ്പെടുത്തും.

എക്കോഷോപ്പ് തുറക്കും

ജൈവ കൃഷി നടത്തി ഒന്നാം സ്ഥാനം ലഭിച്ച തുകയായ മൂന്ന് ലക്ഷം രൂപ മുടക്കി മാർത്തോമ്മയിൽ കാർഷിക ജൈവ ഉത്പന്നങ്ങൾ വിൽക്കുന്ന എക്കോഷോപ്പ് ആരംഭിക്കും.

സ്മാട്ട് അംഗൻവാടിയും ക്ലാസ് റൂമുകളും

മാർത്തോമയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് സ്മാർട്ട് അംഗൻവാടി സ്ഥാപിക്കും. തൊണ്ടിക്കുഴ ഗവ. യു.പി സ്കൂൾ, ശാസ്താംപാറ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ടാക്കും. 50 ലക്ഷം രൂപ ഇതിന് വിനിയോഗിക്കും. പഞ്ചായത്തിലെ 300 നിരക്ഷരരെ സാക്ഷരരാക്കും. 25 പേർക്ക് ഡിഗ്രി പഠനം പൂർത്തിയാക്കാൻ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ ക്ലാസ് നൽകും.

ക്രിമറ്റോറിയം നിർമ്മിക്കും

ഇടവെട്ടിയിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ക്രിമറ്റോറിയം നിർമ്മിക്കും. റവന്യൂ വകുപ്പിൽ നിന്ന് സ്ഥലം വിട്ടുകിട്ടിയില്ലെങ്കിൽ പഞ്ചായത്ത് സ്വന്തമായി ഭൂമി വാങ്ങി ശ്മശാനം പണിയും.

ഓഫീസ് നവീകരിക്കും

പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 20 ലക്ഷം രൂപ വിനിയോഗിക്കും. കോൺഫ്രൻസ് ഹാൾ, മെമ്പർമാർ, ജീവനക്കാർ എന്നിവരുടെ ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് എന്നിവയുണ്ടാകും.

'ഇടവെട്ടിച്ചിറയുടെ പാരമ്പ്യരവും തനിമയും നിലനിറുത്തി ചിറ സംരക്ഷണത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ലൈഫ് പദ്ധതിയിൽ 103 കുടുംബങ്ങൾക്ക് വീടുകൾ മാർച്ച് 31നകം പൂർത്തീകരിക്കും. ഇപ്പാൾ 77വീടുകൾ പൂർത്തിയായി. 13 വാർഡുകളിലെയും 25 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 89 ലക്ഷം രൂപ ഇതിന് വിനിയോഗിച്ചു."

-ഷീജ നൗഷാദ് (ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്)​