തൊടുപുഴ: പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി ബന്ധപ്പെടുമ്പോൾ മാന്യത പുലർത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ച നെടുങ്കണ്ടം ഇൻസ്‌പെക്ടർക്കും സബ് ഇൻസ്‌പെക്ടർക്കുമെതിരെ നിയമപരമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. എറണാകുളം റേഞ്ച് ഡി.ഐ.ജിക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഇവർക്കെതിരെ നടക്കുന്ന അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ ഫെബ്രുവരി 15നകം ഡി.ഐ.ജി കമ്മിഷനെ അറിയിക്കണം. കേസ് ഫെബ്രുവരി 19ന് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വലിയതോവാള സ്വദേശി എബിൻ മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരനോടും പിതാവിനോടും നെടുങ്കണ്ടം ഇൻസ്‌പെക്ടറും എസ്.ഐയും മാന്യതയില്ലാതെ പെരുമാറിയെന്നാണ് പരാതി. ഇരുവരും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കട്ടപ്പന ഡിവൈ.എസ്.പി കമ്മിഷനെ അറിയിച്ചു. ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവായതായി റിപ്പോർട്ടിൽ പറയുന്നു.