തൊടുപുഴ: പി.ടി.തോമസ് മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്ത മാതൃക പിന്തുടർന്ന് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ആയിരം പേരുടെ അവയവ ദാന സമ്മതപത്രം ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ശേഖരിക്കും. ഏഴ് നിയോജക മണ്ഡലങ്ങളിൽ നിന്ന് 150 വീതം പേരുടെ സമ്മതപത്രമാണ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് ശേഖരിക്കുകയെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആയിരം സമ്മതപത്രം കേരള സർക്കാരിന്റെ മൃതസഞ്ജീവിനി അധികൃതർക്ക് കൈമാറും. ഇടുക്കി കെയർ ഫൗണ്ടേഷന്റെ സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ റൈസിന്റെ ഭാഗമായി നടത്തുന്ന മത്സര പരീക്ഷകളുടെ കോച്ചിംഗ് ക്ലാസുകൾക്ക് പത്ത് മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുക, സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്ക് മികച്ച വിജയം കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് 'റൈസ്' എന്ന പേരിൽ ഈ പദ്ധതി എം.പിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. എട്ടാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി തികച്ചും സൗജന്യമായാണ് ഈ പരിശീലന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മത്സര പരീക്ഷകൾക്ക് ആവശ്യമായ അഭിരുചി പരിക്ഷകൾ, പൊതുവിജ്ഞാനം, വേദിക് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ സ്‌കിൽസ് തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക ഘട്ടത്തിലുള്ള ക്ലാസുകൾ ആരംഭിക്കുക. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന സ്ഥാപനമായ എ.എൽ.എസും സ്പാർക്ക് കേരളയുമാണ് ഈ പരിപാടിയുടെ പരിശീലനത്തിന് വേണ്ട അക്കാദമിക സപ്പോർട്ട് നൽകുന്നതെന്നും എം.പി പറഞ്ഞു.