തൊടുപുഴ: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെ.സി.ജെ.എസ്.ഒ.) സംസ്ഥാന സമ്മേളനം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേഷ്‌കുമാർ അദ്ധ്യക്ഷനാകും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. സമയ ബന്ധിതമായി കേസുകൾ തീർപ്പ് കൽപ്പിക്കുന്നതിന് ഒ ആന്റ് എം സ്റ്റഡി ടീം റിപ്പോർട്ട് നടപ്പാക്കുക, പോക്‌സോ കോടതികളിൽ സ്ഥിരം ജീവനക്കാരെ നിയമിക്കുക, ജില്ലയിലെ ടൈപ്പിസ്റ്റുകളെ ഒരു പൂളാക്കി കണക്കാക്കി 6:1 അനുപാതത്തിൽ ഫെയർകോപ്പി സൂപ്രണ്ട് തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് സമ്മേളനം. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ എം.എസ്. മനോഹരൻ, കൺവീനർ അബ്ദുറഹിമാൻ പുഴക്കര എന്നിവർ പങ്കെടുത്തു.