തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ രവിവാരപാഠശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൂപ്പർ സീനിയർ വിഭാഗമായ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികളുടെയും അവിവാഹിതരായ യുവതീയുവാക്കളുടെയും ആദ്യ പഠനക്ലാസ് ഇന്ന് രാത്രി എട്ട് മുതൽ ഒമ്പത് വരെ ഓൺലൈൻ വഴി നടക്കും. പ്രശസ്ത ഗുരുധർമ പ്രചാരകനും മോട്ടിവേഷണൽ സ്പീക്കറുമായ ബിജു പുളിക്കലേടത്താണ് ക്ലാസ് നയിക്കുന്നത്. എല്ലാ മാസത്തിലെയും രണ്ടും നാലും ശനിയാഴ്ച രാത്രി എട്ട് മുതൽ ഒമ്പത് വരെയാണ് ക്ലാസുകൾ നടക്കുന്നത്. ഗുരുദേവ കൃതികൾ, ശ്രീനാരായണ ധർമ്മം, ഭാരതീയ സംസ്‌കാരം, ഭഗവത്ഗീത, രാമായണം, മഹാഭാരതം, വേദോപനിഷത്തുകൾ, പുരാണങ്ങൾ, ശങ്കരാചാര്യ കൃതികൾ, ഹരിനാമ കീർത്തനം, ജ്ഞാനപ്പാന തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ക്ലാസുകളും കേരളത്തിലെ മികച്ച പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനേഴ്‌സിന്റെ ക്ലാസുകളും അടങ്ങിയതായിരിക്കും ഈ പഠന പദ്ധതി. കഴിഞ്ഞ ഒക്ടോബർ 15ന് ചേർന്ന യോഗത്തിൽ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികളുടെ പഠനക്ലാസിന്റെയും മാതാപിതാക്കളുടെ ആലാപന പരിശീലനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ആരംഭിച്ച മാതാപിതാക്കളുടെ പരിശീലനം നാല് ക്ലാസ് പൂർത്തിയായി. പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികളും അവിവാഹിതരായ യുവതീയുവാക്കളും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് യൂണിയൻ രവിവാരപാഠശാല കമ്മിറ്റി കൺവീനർ സി.കെ. അജിമോൻ അറിയിച്ചു. ഫോൺ: 9496227452, 9447828364, 9447232005, 9846657541.