കട്ടപ്പന: ആർ.എസ്.എസ് കലാപനീക്കം നടത്തുന്നുവെന്ന വിമർശനാത്മകമായ
ഫേസ്ബുക്ക് പോസ്റ്റിട്ട പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗം ഉസ്മാൻ ഹമീദിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട്. ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചത് പക്ഷപാതവും വിവേചനവുമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അറിയിച്ചു. പൊതുവിഷയങ്ങളിലെ യുക്തിപരമായ വിമർശനത്തിലൂടെ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ഉസ്മാൻ. അദ്ദേഹത്തെ 153(എ) വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് ജനാധിപത്യവിരുദ്ധവും സാമൂഹികനീതിയുടെ ലംഘനവുമാണ്. ആർ.എസ്.എസിനെയും പൊലീസിനെയും വിമർശിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി കേസ് ചുമത്താനും ജയിലിൽ അടയ്ക്കാനും ചില ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ഉസ്മാൻ ഹമീദിന്റെ അറസ്റ്ററിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ ജനാധിപത്യ വിരുദ്ധമായിട്ടാണ് കേസെടുത്തിരിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യക്തമാക്കി. അനാവശ്യമായി ജയിലടച്ച ഉസ്മാൻ ഹമീദിനെ വിട്ടയക്കും വരെ പ്രതിഷേധ പരിപാടിയുമായി പോപുലർ ഫ്രണ്ട് മുന്നോട്ടു പോകുമെന്ന് നേതാക്കളായ എം.എച്ച്. ഷിഹാസ്,​ ടി.എച്ച്. നൗഷാദ്, ഷാനവാസ് ബക്കർ എന്നിവർ പറഞ്ഞു.