കട്ടപ്പന: വെള്ളയാംകുടി ലക്ഷംവീട് കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോന്റെ (53) മരണത്തിനിടയാക്കിയ കാർ വെള്ള നിറത്തിലുള്ള ഹ്യൂണ്ടായി ഇയോൺ കാറാണെന്ന് കണ്ടെത്തി. എന്നാൽ ഇവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കണ്ടെത്താനായില്ല. ഡിസംബർ 24ന് രാത്രി അപകടം ഉണ്ടാകുന്നതിന് തൊട്ടു മുൻപ് ഈ കാർ ഇടുക്കി റൂട്ടിലെ പെട്രോൾ ബങ്കിന് മുമ്പിൽ അഭ്യാസം പ്രകടനം നടത്തുന്ന സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അഭ്യാസ പ്രകടനത്തിന് ശേഷം കട്ടപ്പന നഗരത്തിലേയ്ക്ക് അമിത വേഗത്തിൽ പോകവേയാണ് ഇടുക്കി റോഡിൽ മാസ് ഹോട്ടലിന് മുമ്പിൽ കൂടി നടന്ന് വരികയായിരുന്ന കുഞ്ഞുമോനെ ഇടിച്ച് തെറിപ്പിച്ചത്. പിന്നീട് 26ന് രാവിലെ 11 നാണ് ഓടയ്ക്കുള്ളിൽ നിന്ന് കുഞ്ഞു മോന്റെ മൃതദേഹം കണ്ടെത്തിയത്. 24 മുതൽ കുഞ്ഞുമോനെ കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഓടയ്ക്കുള്ളിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. മരണത്തിൽ അസ്വഭാവികത തോന്നിയ ബന്ധുക്കൾ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കാർ കടന്നുപോയ സ്ഥലങ്ങളിലെ 40 സി.സി ടി.വി ക്യാമറ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. നഗരസഭ സ്ഥാപിച്ച സി.സി ടി.വികൾ പ്രവർത്തന രഹിതമായതിനാൽ ഇതുവരെ ലഭിച്ച ദൃശ്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ക്യാമറകളിൽ നിന്നാണ്. അന്നേ ദിവസം വൈകിട്ട് ആറ് മുതൽ അപകടമുണ്ടായ രാത്രി ഒമ്പത് വരെയുള്ള സമയത്ത് കടന്ന് പോയ ഇയോൺ കാറുകളുടെ വിവരങ്ങൾ ശേഖരിച്ചുണ്ട്. ഇതുവരെ 71 വെള്ള നിറത്തിലുള്ള ഇയോൺ കാറുകൾ പൊലീസ് പരിശോധിച്ചു കഴിഞ്ഞു. ഇവയിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്താനായിട്ടില്ല. ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ദ്ധൻ അടങ്ങുന്ന സംഘമാണ് ഇതുവരെ ശേഖരിച്ചിട്ടുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.