തൊടുപുഴ: ചരക്ക് വിറ്റ വ്യക്തി കൃത്യമായ റിട്ടേണുകൾ ഫയൽ ചെയ്തട്ടില്ലെന്ന കാരണത്താൽ വാങ്ങിയ വ്യക്തി നികുതി അടയ്ക്കണമെന്ന് കാണിച്ച് ജി.എസ്.ടി വകുപ്പ് നൽകിയിട്ടുള്ള നോട്ടീസുകൾ പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ തെറ്റിന് മറ്റൊരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന കോടതി വിധി നിലനിൽക്കെ മേൽ പറഞ്ഞ നോട്ടീസുകളും അവയ്ക്ക് മേൽ നൽകുന്ന ഉത്തരവുകളും ന്യായീകരിക്കാൻ ആകാത്തതാണ്. ഈ വിഷയത്തിൽ വിവിധ കേസുകൾ നിലവിലുള്ളതാണ്. നോട്ടീസുകൾ ബാധകമാകുന്ന സാമ്പത്തിക വർഷങ്ങളിൽ രണ്ടാം വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നതും പ്രസക്തമാണ്. കേരളത്തിൽ മറ്റു ജില്ലകളിൽ ജി.എസ്.ടി വകുപ്പ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള മൃദു സമീപനം ജില്ലയിലെ ജി.എസ്.ടി വകുപ്പ് സ്വീകരിക്കണമെന്നും വ്യാപാരികളെ ദ്രോഹിക്കുന്ന മേൽ പറഞ്ഞ നോട്ടീസുകളും ഉത്തരവുകളും പിൻവലിക്കണമെന്നും ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റു ജില്ലകളിൽ ഒന്നും ഇല്ലാത്ത ജി.എസ്.ടി നോട്ടീസുകൾ പിൻവലിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു. ചെറുതോണിയിലെ ജില്ലാ വ്യാപാരഭവനിൽ പ്രസിഡന്റ് കെ.എൻ. ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ജില്ലാ ട്രഷറർ സണ്ണി പയ്യമ്പിള്ളിൽ, കെ.ആർ. വിനോദ്, ആർ. രമേഷ്, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ തുടങ്ങിയവർ സംസാരിച്ചു.