തൊടുപുഴ: കോതായിക്കുന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷീ ലോഡ്ജും ശൗചാലയവും ഉടൻ പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചു. വിദൂര സ്ഥലങ്ങളിൽ നിന്ന് തൊടുപുഴയിൽ എത്തുന്നവർക്ക് രാത്രി സമയങ്ങളിൽ ഉൾപ്പെടെ സുരക്ഷിതമായി വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ടാണ് ഷീ ലോഡ്ജ് വിഭാവന ചെയ്തിരിക്കുന്നത്. മുകളിലെ നിലയിൽ രണ്ട് വശങ്ങളിലായിട്ട് നാല് മുറികളാണ് ഷീ ലോഡ്ജിലുണ്ടാകുക. ഓരോ മുറികളിലും ശൗചാലയ സൗകര്യങ്ങൾ, കട്ടിൽ, കിടക്ക, ഭക്ഷണ സൗകര്യം എന്നിവയും ഒരുക്കും. മുറികളുടെ വാടക സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീടാണ് തീരുമാനിക്കുന്നത്. താഴെയുള്ള ശൗചാലയം ഒരേ സമയം 20 ആളുകൾക്ക് ഉപയോഗിക്കാൻ കഴിയും. പുരുഷന്മാർക്ക്- 10, സ്ത്രീകൾക്ക്- 10 എന്നിങ്ങനെയാണ് രണ്ട് വശങ്ങളിലായി സജ്ജമാക്കുന്നത്. തുടക്കത്തിൽ 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. എന്നാൽ ആധുനിക രീതിയിലുള്ള ശൗചാലയവും ഷീ ലോഡ്ജും ഉൾപ്പെടുന്ന സംയുക്ത പദ്ധതിയായതിനാൽ 31.37 ലക്ഷത്തിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും സർക്കാരിൽ നിന്ന് ലഭിച്ചു. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ട് ഏറെ നാളുകൾ കഴിഞ്ഞെങ്കിലും സംസ്ഥാന ശുചിത്വ മിഷനിൽ നിന്നുള്ള സാങ്കേതിക അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടു. അനുമതിക്ക് വേണ്ടി നഗരസഭ 2020 ഫെബ്രുവരി അഞ്ചിന് സംസ്ഥാന ശുചിത്വ മിഷനിൽ അപേക്ഷ നൽകിയതാണ്. എന്നാൽ ഇതിന് വേണ്ടി നിരവധി യോഗങ്ങൾ നടത്തിയെങ്കിലും നടപടികൾ ചുവപ്പ് നാടയിലകപ്പെട്ടു. സംസ്ഥാന ശുചിത്വ മിഷനിലെ ജീവനക്കാരുടെ കുറവ്, കൊവിഡ് വ്യാപനം എന്നിങ്ങനെയുള്ള കാര്യങ്ങളെ തുടർന്നും തുടർ പ്രവർത്തികൾ സ്തംഭിച്ചു. പദ്ധതിയുടെ കോൺട്രാക്ട് ടെണ്ടർ എടുക്കുന്നവർക്ക് ദീർഘ നാളത്തെ പരിചയം വേണം, ഒരു വർഷത്തെ മെയിന്റൻസ് സ്വന്തം ഉത്തരവാദിത്വത്തിൽ ഏറ്റെടുക്കണം എന്നിങ്ങനെ 20 ൽപരം നിബന്ധനകൾ ശുചിത്വ മിഷൻ മന്നോട്ട് വെച്ചതും തുടർ പ്രവർത്തികൾക്ക് വിലങ്ങായി.

32 ലക്ഷത്തിന്റെ കെട്ടിടം

രണ്ട് നിലകളിലായിട്ടുള്ള ആധുനിക രീതിയിലുള്ള ശൗചാലയവും ഷീ ലോഡ്ജിനും വേണ്ടി 32 ലക്ഷത്തിന്റെ കെട്ടിടമാണ് നഗരസഭ നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനും സുരക്ഷിതമായി വിശ്രമിക്കാനും (രാത്രി സമയങ്ങളിൽ ഉറങ്ങാനും) ഉതകുന്ന രീതിയിലുള്ള ഷീ ലോഡ്ജ് ഏറ്റവും മുകളിലും ശൗചാലയം താഴെയുമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ശൗചാലയം. വെള്ളം, വൈദ്യുതി, പെയിന്റിംഗ് എന്നിങ്ങനെ സിവിൽ ജോലികളും പൂർത്തീകരിച്ചിട്ടുണ്ട്.

'പരിചയ സമ്പന്നനായ കോൺട്രാക്ടറെ നഗരസഭയുടെ നിരന്തര ശ്രമത്തെ തുടർന്ന് അടുത്ത നാളിലാണ് ലഭ്യമായത്. പദ്ധതി ഇനി കാലതാമസമില്ലാതെ പ്രവർത്തന സജ്ജമാക്കാനുള്ള ഇടപെടൽ നടത്തും'

-സനീഷ് ജോർജ് (നഗരസഭാ ചെയർമാൻ)