വെള്ളിയാമറ്റം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മികവ് പദ്ധതിയിലൂടെ വെള്ളിയാമറ്റം പഞ്ചായത്തിൽ തൊഴിലുറപ്പു തൊഴിലാളികളെ വിദഗ്ദ്ധ തൊഴിലാളികളാക്കി മാറ്റുന്നതിന് വേണ്ടിയുള്ള മെസൺ ട്രെയിനിംഗ് നടത്തി. പഞ്ചായത്തിലെ 2,3 വാർഡുകളിലെ 30 തൊഴിലാളികൾക്കാണ് ട്രെയിനിംഗ് നൽകിയത്. തൊഴിലുറപ്പ് പദ്ധതിയിൽ വരുന്ന സ്കിൽഡ് ജോലികൾക്ക് പരിശീലനം നൽകി കൂടുതൽ വേതനം ലഭിക്കുന്ന തൊഴിലുകൾ ചെയ്യാൻ ഇവരെ പ്രാപ്തരാക്കുക എന്നതാണ് മെസൺ ട്രെയിനിംഗിന്റെ ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായവർക്ക് ഏറെ സഹായകമാണ് ഈ പരിശീലനം. മെസൺ പരിശീലനം ലഭിച്ച തൊഴിലാളികൾ പഞ്ചായത്തിലെ കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, തൊഴുത്ത് തുടങ്ങിയവ നിർമ്മിച്ച് അവരുടെ പ്രവർത്തനമികവ് തെളിയിച്ചു കഴിഞ്ഞു. പഞ്ചായത്തിലെ മറ്റ് സ്‌കിൽഡ് തൊഴിലുകളും ഇവരിലൂടെ നടപ്പിലാക്കും. മികവ് ട്രെയിനിംഗ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദു ബിജു നിർവഹിച്ചു. രാജു കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെമീന അബ്‌ദുൾ കരീം, മെമ്പർമാരായ രാജേഷ് ഷാജി, രാജി ചന്ദ്രശേഖരൻ, ഷേർളി ജോസ്ക്കുട്ടി, സെക്രട്ടറി സെബാസ്റ്റ്യൻ പി.എസ്‌, ജോയിന്റ് ബി.ഡി.ഒ ജയ്മോൻ, തൊഴിലുറപ്പ് എ.ഇ. ബിനിൽ ബാബു, ഓവർസിയർ നിഖിൽ, ടൈനി, സ്റ്റാഫ് നിഷ, പ്രിയങ്ക, സരസ്വതി എന്നിവർ സംസാരിച്ചു.