പൂർത്തിയായത് 36 ശതമാനം
തൊടുപുഴ: ആറ് ദിവസത്തിനിടെ 18,517 കുട്ടികൾ ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചു. ഇതോടെ 15നും 18നും ഇടയിൽ പ്രായമുള്ള 36 ശതമാനം കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തിയായി. ശരാശരി ഒരു ദിവസം നാലായിരം കുട്ടികൾ വാക്സിനെടുക്കുന്നതായാണ് കണക്ക്. ബാക്കിയുള്ള കുട്ടികൾക്ക് കൂടി എത്രയും വേഗം വാക്സിൻ നൽകാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 20നകം വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 15- 18നും ഇടയിലുള്ള 51,339 കുട്ടികളാണ് ജില്ലയിലുള്ളത്. കൊവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. ജില്ലയിൽ 60 കേന്ദ്രങ്ങൾ വഴിയാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എന്നാൽ ജില്ലയിലെ വിദൂരപ്രദേശങ്ങളിലുള്ല സ്കൂളുകളിലെ കുട്ടികൾക്ക് വാക്സിൻ കേന്ദ്രത്തിലെത്താൻ ബുദ്ധിമുട്ടുണ്ട്. ഇത്തരത്തിലുള്ള സ്കൂളുകളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ നേരിട്ടെത്തി കുട്ടികൾക്ക് വാക്‌സിൻ നൽകുന്നുണ്ട്. വാക്‌സിൻ ലഭ്യതയിൽ തടസങ്ങളില്ലാത്തത് ആരോഗ്യ വകുപ്പിന് ആശ്വാസമാകുന്നുണ്ട്. രക്ഷിതാക്കളും സ്‌കൂൾ അധികൃതരും തടസം കൂടാതെ കുട്ടികളെ വാക്‌സിനേഷനായി എത്തിക്കുന്നുണ്ട്. ആരും ഇതുവരെ വിസമ്മതം അറിയിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ആദിവാസി മേഖലയിൽ ഒരോ ദിവസവും ഒരോ സ്‌കൂളിലെ കുട്ടികൾക്ക് എന്ന രീതിയിലാണ് വാക്‌സിൻ നൽകുന്നത്.
കരുതൽ ഡോസ് റെഡി
നാളെ ആരംഭിക്കുന്ന കരുതൽ വാക്‌സിനേഷന്റെ ഒരുക്കങ്ങൾ ജില്ലയിൽ അന്തിമഘട്ടത്തിലാണ്. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുൻനിരപ്പോരാളികൾ, 60 പിന്നിട്ട അസുഖബാധിതർ എന്നിവർക്കാണ് വാക്‌സിൻ ലഭിക്കുക. കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചശേഷം ഒമ്പതുമാസം തികയുന്നവർക്ക് രജിസ്റ്റർചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് ലഭിക്കും. അപ്പോൾ ഓൺലൈനായി ബുക്ക് ചെയ്‌തോ വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്‌സിൻ സ്വീകരിക്കാം. മുമ്പ് രണ്ടുതവണ സ്വീകരിച്ച വാക്സിൻ തന്നെയാണ് നൽകുക. കുത്തിവയ്പ്പിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാം. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമാണ്. സ്വകാര്യാശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ ലഭിക്കും.
വാക്സിനേഷൻ ഇതുവരെ
ആദ്യ ഡോസ്- 9,02,113
രണ്ടാം ഡോസ്- 7,06000