പീരുമേട്: സംസ്ഥാനത്തെ ഏറ്റവും വലിയ സെക്ഷൻ ആഫീസുകളിലൊന്നായ പീരുമേട് വാട്ടർ അതോറിട്ടി സബ് ഡിവിഷൻ ആഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഉദ്യോഗസ്ഥർ വെള്ളം കുടിക്കുന്നു. 176 കിലോമീറ്റർ വിസ്തൃതിയിൽ ഒമ്പത് പഞ്ചായത്തുകളുൾപ്പെടുന്ന വലിയ സെക്ഷൻ ആഫീസായ ഇവിടെ ആകെയുള്ലത് 11 ജീവനക്കാർ മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും വിസ്തീർണ്ണമുള്ള സെക്ഷൻ ആഫീസും ഇതാണ്. ഒരു സെക്ഷൻ ആഫീസ് മാത്രമുള്ള സബ്ബ് ഡിവിഷൻ ആഫീസും വേറെയില്ല. പതിനായിരത്തിന് മുകളിൽ ജല വിതരണ കണക്ഷനുകളും 22 ജലവിതരണ പദ്ധതികളുമുള്ള ഇവിടെ ആകെയുള്ളത് രണ്ട് ക്ലാർക്കുമാർ മാത്രമാണ്. ഹെലിബറിയ,​ വണ്ടിപ്പെരിയാർ,​ കുമളി എന്നീ മൂന്ന് വലിയ പദ്ധതികളും ഇക്കൂട്ടത്തിൽപ്പെടും. രണ്ട് ആഫീസുകളുടെയും ഇത്രയും ജലവിതരണ പദ്ധതികളുടെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ആരുമില്ലാത്ത സ്ഥതിയാണ്. എന്തെങ്കിലും തകരാറോ മറ്റോ വന്നാൽ ഈ ചുരുങ്ങിയ ജീവനക്കാരെ വച്ചുവേണം പ്രശ്നങ്ങൾ പരിഹരിക്കാൻ. ജില്ലയിൽ തന്നെ ഇവിടെത്തേതിന്റെ പകുതി പോലും ജലവിതരണ കണക്ഷനുകൾ ഇല്ലാത്ത സബ് ഡിവിഷനിൽ പോലും അരഡസനിലധികം ക്ലാർക്കുമാരുണ്ട്. സമീപ നാളിൽ നൂറ് ക്ലാർക്കുമാരെ പുതിയതായി നിയമിച്ചിട്ട്, ഒരാളെപ്പോലും പീരുമേടിന് നൽകിയില്ലെന്നത് ഈ ആഫീസിനോട് അധികൃതർക്കുള്ള അവഗണനയ്ക്ക് ഉദാഹരണമാണ്. കുമളി കേന്ദ്രമാക്കി പുതിയ സെക്ഷൻ ആഫീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇതുവരെ അധികൃതർ ഇക്കാര്യം പരിഗണിച്ചിട്ടില്ല.

ആകെ ഉദ്യോഗസ്ഥർ ഇവർ
അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ- ഒന്ന്,

അസി. എൻജിനിയർ- ഒന്ന്,

ജൂനിയർ സൂപ്രണ്ട്- ഒന്ന്,
ഡ്രാഫ്‌റ്റ്‌സ്മാൻ- ഒന്ന്,

ക്ലാർക്ക്- രണ്ട്,

ടൈപ്പിസ്റ്റ്- ഒന്ന്,
ഓവർസീയർ- ഒന്ന് (അവധിയിൽ)

പമ്പ് ഓപ്പറേറ്റർ- നാല്

ഒമ്പത് പഞ്ചായത്തുകൾ

ചക്കുപള്ളം, ഉപ്പുതറ, ഏലപ്പാറ, കൊക്കയാർ, പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, വണ്ടന്മേട്