
തൊടുപുഴ: ജില്ലാ കേന്ദ്രങ്ങളിലെ കോടതികളോട് ചേർന്ന് ജീവനക്കാർക്ക് വേണ്ടി ക്വാർട്ടേഴ്‌സ് നിർമ്മിക്കണമെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പി.എസ്. ശശികുമാർ ആവശ്യപ്പെട്ടു. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രാ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ കോടതി പ്രവർത്തനം കൂടുതൽ സുഗമമാക്കാനും കേസുകൾ തീർപ്പാക്കുന്നതിന് വേഗം കൂട്ടാനും ഉപകരിക്കും. ആവശ്യത്തിന് ജീവനക്കാരുണ്ടാവുന്നതും ഓഫീസർമാരും ജീവനക്കാരും മാനവികതയോടെ ഇടപെടുന്നതും ജോലി കാര്യക്ഷമാകുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേശ് കുമാർ അദ്ധ്യക്ഷനായി. സർവീസിൽ നിന്ന് വിരമിച്ച കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ യുവ എഴുത്തുകാരനും കോടതി ജീവനക്കാരനുമായ മോബിൻ മോഹനൻ എന്നിവരെ പ്രിൻസിപ്പൽ ജില്ല ജഡ്ജി പി.എസ്. ശശികുമാർ ഉപഹാരം നൽകി ആദരിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസ് മാത്യു, കേരള അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. സാബു, കെ.സി.ജെ.എസ്.ഒ സംസ്ഥാന സെക്രട്ടറി കെ. സത്യസജീവ്, വൈസ് പ്രസിഡന്റ് പി.വി. ഹരിലാൽ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, വർക്കിങ് പ്രസിഡന്റ് എം.എസ്. മനോഹരൻ എന്നിവർ പ്രസംഗിച്ചു.