ഇടുക്കി: സുവർണ്ണ ജൂബിലി നിറവിലുള്ള ഇടുക്കി ജില്ലയിൽ പരമാവധി ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുഴിക്കാനം നത്തുകല്ല് പ്രദേശത്തെ 150 ഓളം കുടുംബങ്ങളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി എം.എം. മണി എം എൽ എ, വൈദ്യുതി വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ കെ.എസ്.ഇ.ബി ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി 13,94,000 രൂപ അനുവദിച്ച് പൂർത്തീകരിച്ച ട്രാൻസ്‌ഫോർമറിന്റെയും പ്രദേശത്തെ വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് നത്തുകല്ലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂപ്രശ്‌ന പരിഹാരമായി പരമാവധി ആളുകൾക്ക് പട്ടയം നൽകുകയെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ജില്ലയിലെ റോഡുകളുടെ ഗുണനിലവാരം ഈ സർക്കാരിന്റെ കാലത്ത് വളരെ ഉയർന്നിട്ടുണ്ട്. ടൂറിസം രംഗത്തും മെച്ചപ്പെട്ട വികസനം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ എം.എം. മണി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇരട്ടയാർ പഞ്ചായത്തിൽ പരമാവധി പട്ടയം നൽകിയിട്ടുണ്ടെന്നും കാലാവധി പൂർത്തീകരിക്കുന്നതു വരെ സാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കുമെന്നും എം.എം.മണി എം.എൽ.എ പറഞ്ഞു.