 
കട്ടപ്പന: ചെമ്പകപ്പാറ പള്ളിക്കാനത്ത് പൊന്നറത്തല എം.ആർ. ബാബുവിന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസം വിളവെടുത്ത കപ്പയുടെ വലിപ്പം കണ്ട് 'കിളി പോയിരിക്കുകയാണ്" നാട്ടുകാരും വീട്ടുകാരും. 70 കിലോയാണ് കപ്പക്കിഴങ്ങിന്റെ വലിപ്പം. ഒരു ഭാഗം എലികൾ തിന്ന് തീർത്തില്ലായിരുന്നെങ്കിൽ 100 കിലോയ്ക്ക് മുകളിൽ വരുമായിരുന്നു തൂക്കം. ആറ് മാസം മുമ്പാണ് എം ബോറിയൻ ഇനത്തിലുള്ള 200 മൂട് മരച്ചീനികൾ ബാബു പുരയിടത്തിൽ നട്ടത്. സാധാരണ രണ്ട് മുതൽ അഞ്ച് കിലോ വരെ വലിപ്പമുള്ള കിഴങ്ങാണ് ഒരു ചെടിയിൽ നിന്ന് ലഭിക്കുക. ഈ പ്രതീക്ഷയിലാണ് ബാബു വിളവെടുത്ത് തുടങ്ങിയത്. മണ്ണ് എത്ര മാറ്റിയിട്ടും കിഴങ്ങ് പൂർണമായും കാണാനായില്ല. പിന്നെ ഇദ്ദേഹം അയൽവാസികളുടെ സഹായം തേടി. ഏറെ സമയമെടുത്ത് പുറത്തെടുത്തത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത വലിപ്പത്തിലുള്ള കപ്പക്കിഴങ്ങാണെന്ന് ആശ്ചര്യത്തോടെ ബാബു പറയുന്നു. നാല് മീറ്റർ നീളമുണ്ട് കിഴങ്ങിന്റെ ഒരു ഭാഗത്തിന്. എടുത്തുയർത്തണമെങ്കിൽ രണ്ട് പേർ വേണം. ഇത്രയും വലിപ്പമുള്ള കപ്പ ആദ്യമായി ലഭിച്ചതിനാൽ അയൽവാസികൾക്ക് പങ്കിട്ട് നൽകാനാണ് ബാബു തീരുമാനിച്ചിരിക്കുന്നത്. ഭീമൻ കപ്പ കാണാനും മൊബൈലിൽ പകർത്താനുമായി കഴിഞ്ഞ ദിവസം നിരവധി പേരാണ് ബാബുവിന്റെ വീട്ടിലേയ്ക്ക് എത്തിയത്.