തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി 14ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാ നെറ്റ്‌ബോൾ മത്സരം നടക്കും. വിജയികൾക്ക് ട്രോഫി, മെഡൽ സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് കേരളാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന നെറ്റ്‌ബോൾ മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ ആമുഖ പ്രസംഗം നടത്തി. ജില്ലാതല മത്സരത്തിന് രൂപരേഖ തയ്യാറാക്കുകയും മത്സര നടത്തിപ്പിന് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ചെയർമാനായി 51 അംഗ സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. കായിക സംഘടനാ ഭാരവാഹികളായ സന്ദീപ് സെൻ, എ.പി. മുഹമ്മദ് ബഷീർ, ഡോ. ബാബു ആന്റണി, പോൾ ഇഞ്ചിയാനി, ജെയ്‌സൺ പി. ജോസഫ്, റോണി ജോസ് സാബു, സിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ പങ്കെടുക്കേണ്ട അംഗീകൃത ക്ലബ്ബുകളിലെ ടീമുകൾ 10നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു. ഫോൺ : 9447753482.