factory
മോഷണം നടന്ന പീരുമേട് തേയില ഫാക്ടറി

കട്ടപ്പന: ഉപ്പുതറ ചീന്തലാറിലെ പൂട്ടിക്കിടക്കുന്ന പീരുമേട് തേയില ഫാക്ടറിയിൽ നിന്ന് പിച്ചള ഉപയോഗിച്ച് നിർമ്മിച്ച യന്ത്ര സാമഗ്രികൾ മോഷണം പോയി. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കൊളുന്ത് പൊടിക്കാനായി ഉപയോഗിച്ചിരുന്ന യന്ത്രത്തിന്റെ അനുബന്ധ വസ്തുക്കളാണ് കാണാതായിരിക്കുന്നത്. ഇവയ്ക്ക് 25,​000 രൂപ വിലമതിക്കും. വാതിൽ കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. വാച്ചറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഏതാനും നാളുകൾക്ക് മുമ്പും ഫാക്ടറിയിൽ മോഷണം നടന്നിരുന്നു. അന്നും ഒട്ടേറെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. രണ്ടായിരത്തിൽ ഉടമ ഉപേക്ഷിച്ചതിനെ തുടർന്ന് പൂട്ടിപ്പോയ പീരുമേട് തേയില ഫാക്ടറി 2013ൽ താത്കാലികമായി തുറന്നെങ്കിലും 2016ൽ വീണ്ടും അടച്ച് പൂട്ടേണ്ടി വന്നിരുന്നു. ഇതിന് ശേഷം രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. ഇരുട്ടിക്കഴിച്ചാൽ ലഹരി സംഘങ്ങളുടെ താവളമാണ് തേയില ഫാക്ടറി. ഇതിന് പിന്നാലെയാണ് മോഷണവും നിരന്തരമായിരിക്കുന്നത്. ഫാക്ടറിക്കുള്ളിൽ ആരെങ്കിലും കയറിയാൽ കാണാൻ കഴിയാത്ത തരത്തിലാണ് പൊന്തക്കാടുകൾ വളർന്ന് നിൽക്കുന്നത്. ഏതാനും നാളുകൾക്ക് മുമ്പ് സമീപത്തുള്ള ലോൺട്രി ഫാക്ടറിയിൽ മോഷണത്തിന് ശ്രമിച്ചയാളെ തോട്ടം തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ തന്നെയാണ് കഴിഞ്ഞ ദിവസത്തെ മോഷണത്തിന് പിന്നിലെന്നാണ് തോട്ടം തൊഴിലാളികൾക്കിടയിലെ സംസാരം. ഉപ്പുതറ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.