അപകടത്തിൽപ്പെട്ടത് അയ്യപ്പഭക്തരുടെ വാഹനങ്ങൾ
പീരുമേട്: നിയന്ത്രണംവിട്ട മിനിബസ് മറ്റൊരു ബസിലിടിച്ച ശേഷം കാറിനു മുകളിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ദേശീയപാത 183 ൽ കുട്ടിക്കാനത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പോണ്ടിച്ചേരിയിൽ നിന്ന് ശബരിമല ദർശനത്തിനു പോയ അയ്യപ്പഭക്തരുടെ ബസ് വളഞ്ഞങ്ങാനം വളവിൽ നിയന്ത്രണം വിട്ട് മറ്റൊരു ബസിലിടിച്ച ശേഷം കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. പോണ്ടിച്ചേരി സ്വദേശികളായ കാർ യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ പോണ്ടിച്ചേരി സ്വദേശി അജയിയെ (17) ണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിലും തമിഴ്‌നാട് തിരൂർ സ്വദേശികളായ അനസ് (19), ബിലാൽ(27), ഹാഷിം (29) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. പീരുമേട് പൊലീസും അഗ്നി രക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.