രാജകുമാരി: ശാന്തൻപാറയിൽ അഞ്ചു വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ റിമാന്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊള്ളലേറ്റ കുട്ടിയുടെയും സഹോദരിയുടെയും സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. ശാന്തമ്പാറ പഞ്ചായത്തിലെ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരനോട് അമ്മയുടെ ക്രൂരത നടന്നത്. സ്റ്റീൽ തവി അടുപ്പിൽ വച്ച് ചൂടാക്കി കുട്ടിയുടെ ഉള്ളൻകാലിലും ഇടുപ്പിലും പൊള്ളലേൽപ്പിക്കുകയായിരുന്നു. സമീപവാസികളാണ് സംഭവം ചൈൽഡ് ലൈനിൽ വിവരമറിയിക്കുന്നത്. തുടർന്ന് ചൈൽഡ് ലൈൻ നേരിട്ടെത്തുകയും ശാന്തമ്പാറ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കുട്ടി പറഞ്ഞാൽ കേൾക്കില്ലെന്നും കുസൃതി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇരുകാലുകളിലും പൊള്ളലേൽപ്പിച്ചതെന്നുമാണ് അമ്മയുടെ മൊഴി.