മുട്ടം: മലങ്കര ജലസംഭരിണിയിലെ ഇടത് കനാൽ തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് എം.വി.ഐ.പി അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി മലങ്കര ജലസംഭരണിയിൽ ഇന്നലെ മുതൽ വെള്ളം ശേഖരിക്കാൻ ആരംഭിച്ചു. ഇന്നലെ വൈകിട്ട് ജലസംഭരണിയിൽ ജലനിരപ്പ് 40.60 മീറ്ററായി ഉയർത്തി. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. മലങ്കര ജലസംഭരണിയിലെ ആറ് ഷട്ടറുകൾ പൂർണമായും താഴ്ത്തിയാണ് വെള്ളം ശേഖരിക്കുന്നത്. ഇവിടെയുള്ള ചെറുകിട വൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉത്പാദനത്തിന് ശേഷമുള്ള ജലം മാത്രമാണ് ഇപ്പോൾ തൊടുപുഴയാറ്റിലേക്ക് ഒഴുകി എത്തുന്നത്. ഇടത് കനാലിൽ നിന്നുള്ള ജലം കരിങ്കുന്നം, മണക്കാട്, കൂത്താട്ടുകുളം ഭാഗത്തേക്കാണ് എത്തുന്നത്. മലങ്കര ജലസംഭരണിയിൽ നിന്നുള്ള ഇടത്, വലത് കനാലുകൾ എല്ലാ വർഷവും ഡിസംബറിൽ തുറന്ന് വെള്ളം കടത്തി വിടുന്നതായിരുന്നു. എന്നാൽ കനാലുകളിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ജനുവരിയായിട്ടും കനാൽ തുറന്ന് വിടാൻ കഴിഞ്ഞില്ല. രണ്ട് കനാലുകളും കടന്ന് പോകുന്ന പ്രദേശങ്ങളിലെ 24 തദ്ദേശ സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് ജനങ്ങൾ വേനലിൽ ആശ്രയിക്കുന്നത് മലങ്കര ജലാസംഭരണിയിലെ ജലത്തെയാണ്. വലത് കനാലിന്റെ നവീകരണം പൂർത്തീകരിച്ചാൽ ഇതും ഉടൻ തുറക്കുമെന്ന് അധികൃതർ പറഞ്ഞു.