തൊടുപുഴ: നാട്ടിലേക്ക് വരാൻ ഏറെ ആഗ്രഹമുണ്ട്, എന്നാൽ കൊവിഡിന്റെ മൂന്നാം തരംഗം സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള വരവ് പ്രതിസന്ധിയിലായി. വന്നാൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം, തിരിച്ച് പോകുന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല, പിന്നെങ്ങനെ നാട്ടിലേക്ക് വരും..... വിദേശത്ത് നിന്ന് വരുന്നവർ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന വിചിത്രമായ സർക്കാർ ഉത്തരവ് തെല്ലൊന്നുമല്ല പ്രവാസികളെ നാട്ടിൽവരുന്നതിൽനിന്നും പിന്നോട്ട് വലിക്കുന്നത്. ഒരുമാസത്തിൽ കുറഞ്ഞ ലീവിനെത്തുന്നവർ വെറുതെ വന്ന്പോകാം എന്ന സ്ഥിയിയായതോടെ യാത്ര റദ്ദ്ചെയ്തവരുമുണ്ട്. . നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ പോലും നീട്ടിവെക്കാനുള്ള ശ്രമം നടക്കുന്നു. അടിയന്തര ആവശ്യമുള്ളവർ മാത്രാണ് യാത്രയ്ക്ക് തയ്യാറാകുന്നത്.യൂറോപ്പിലും ഗർഫ് രാജ്യങ്ങളിലും തൊഴിൽതേടിപോയവരും ഇക്കാര്യത്തിൽ ഒരേ അവസ്ഥയാണ് നേരിടുന്നത്.മദ്ധ്യതിരുവതാംകൂർ പ്രദേശത്ത്നിന്നും റോപ്യൻ രാജ്യങ്ങളിൽ കുടിയേറിയവർ ഏറെയാണ്. ഒമിക്രോണിന്റെ താണ്ടവം മൂലം ഇവരുടെ യാത്രകൾ പലതും ത്രിശങ്കുവിലായി.
നിലവിൽ ഗൾഫ് രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായാൽ യാത്രാവിലക്ക് വന്നേക്കും. ഈ ഭയം പ്രവാസികളിലുണ്ട്.
കഴിഞ്ഞ തരംഗത്തിൽ അവധിക്കും അത്യാവശ്യ കാര്യങ്ങൾക്കുമായി നാട്ടിലെത്തിയ പ്രവാസികളിൽ പലരും തിരിച്ചു പോവാനാവാതെ പ്രതിസന്ധിയിലായിരുന്നു. യാത്രാവിലക്ക് തുടർന്നതോടെ നിരവധി പേർക്ക് തൊഴിലും നഷ്ടമായി. യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യൻ യാത്രക്കാർക്ക് ദീർഘകാലം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഖത്തറിൽ മാത്രമായിരുന്നു നിയന്ത്രണത്തിൽ അയവുണ്ടായത്. അത്യാവശ്യക്കാർ അർമേനിയ, ഉസ്‌ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴി വലിയ തുക ചെലവഴിച്ച് യു.എ.ഇയിലേക്ക് പോകേണ്ട അവസ്ഥയുമുണ്ടായി.
ഗൾഫ് രാജ്യങ്ങളിലെല്ലാം കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. സൗദിയിൽ രോഗം പെരുകി. യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലും കൊവിഡ് രോഗികൾ കൂടുകയാണ്. വിമാനത്താവളങ്ങളിൽ സുരക്ഷ നിർദ്ദേശങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ പ്രവേശന വിലക്കടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.രോഗവ്യാപനം കൂടിയാൽ പ്രവേശന വിലക്ക് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരും എന്ന ആശങ്കയാണ്നാടുകാണാനും ബന്ധുക്കളെ കണ്ട് മടങ്ങാനുമുള്ള മോഹം ഒട്ടുമിക്ക പ്രവാസികളും വേണ്ടെന്ന് വെക്കുന്നത്.