തൊടുപുഴ: സ്‌കൂൾ സമയത്ത് നിയന്ത്രണം ലംഘിച്ച് തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ടിപ്പറടക്കമുള്ള ഭാരവാഹനങ്ങളുടെ മരണപ്പാച്ചിൽ. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ഭാരവാഹനങ്ങളുടെ ഓടുന്നതിന് നിയന്ത്രണമുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഭാരവാഹനങ്ങളുടെ ഓട്ടം മൂലം ഏറെ തിരക്കേറിയ രാവിലെയും വൈകിട്ടും ഗതാഗത കുരുക്കും പതിവാണ്. പാറമടകളിലേക്കും ക്രഷർ യൂണിറ്റിലേക്കും സഞ്ചരിക്കുന്ന ലോറികളാണ് നിയന്ത്രണം ലംഘിക്കുന്നത്. ഭാരവാഹനങ്ങളുടെ ഓട്ടം മൂലം ഇത്തരം റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത തരത്തിൽ പലയിടത്തും തകർന്നും കിടക്കുകയാണ്. വലിയതോതിലുള്ള ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി എത്തുന്നതാണ് കാരണം. ഇടുങ്ങിയ റോഡുകളിലൂടെ ഇത്തരം വാഹനങ്ങൾ കടന്ന് പോകുന്നത് മൂലം നിരവധിയിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.