bdjs

ഇടുക്കി: ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കെ. കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉടുമ്പൻചോല നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു. ഏലം കർഷകരോടൊപ്പം ചേർന്ന് ഏലത്തിന് താങ്ങുവില നിശ്ചയിക്കുന്നതിനും മറ്റ് കർഷകർ നേരിടുന്ന മറ്റ് വിഷയങ്ങൾ ഏറ്റെടുത്തും ജില്ലയിൽ കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 2017ൽ പ്രഖ്യാപിച്ച 5000 കോടി, 2021ൽ പ്രഖ്യാപിച്ച 12,000 കോടി രൂപ എന്നിവയെല്ലാം നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കും. ചിന്നക്കനാൽ ഗ്യാപ്പ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മല ഇടിച്ചു നിരത്തി പാറ പൊട്ടിച്ച് കടത്തി 30 കോടി രൂപയുടെ അഴിമതി നടന്നെന്ന് കളക്ടർ റിപ്പോർട്ട് നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയും മുല്ലപ്പെരിയാറടക്കമുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ സമരപരിപാടികളുമായി പാർട്ടി രംഗത്ത് വരണമെന്ന് യോഗം പ്രമേയം പാസാക്കി. കൂടാതെ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്നതിന് പാർട്ടി കാമ്പയിൻ നടത്തും. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് അജികുമാർ മുട്ടുകാട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പാർത്ഥേശൻ ശശികുമാർ മുഖ്യസന്ദേശം നൽകി. ജില്ലാ ട്രഷറർ സന്തോഷ് മാധവൻ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവുമായ പി.ആർ. ബിനു കുരുവിക്കാനം, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ. അജയൻ പൂപ്പാറ, ബിനേഷ് കെ.പി, നിയോജകമണ്ഡലം സെക്രട്ടറി വിഷ്ണു മാമ്പിള്ളി എന്നിവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം മണിക്കുട്ടൻ നെടുങ്കണ്ടം നന്ദി പറഞ്ഞു.