 
കുമാരമംഗലം : തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ജല പരിശോധനാ ലാബുകൾക്ക് തുക അനുവദിക്കുമെന്ന് പി.ജെ. ജോസഫ് എം.എൽഎ പറഞ്ഞു. ഹയർസെക്കന്ററി സ്‌കൂളിൽ ജലഗുണ പരിശോധനാ ലാബുകൾ പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം കുമാരമംഗലം എം.കെ.എൻ.എം.എച്ച്. എസ്.എസിൽ നിർവ്വഹിക്കുകയായിരുന്നു എം.എൽ.എ.മണ്ഡലത്തിലെ മറ്റ് സ്‌കൂളുകളിലെ ലാബുകളും എൽ.എൽ.എ. ജനങ്ങൾക്ക് സമർപ്പിച്ചു.
വണ്ണപ്പുറം എസ്.എൻ.വി. ഹയർസെക്കന്ററി സ്‌കൂളിൽ ജലഗുണപരിശോധനാ ലാബിന് പണം അനുവദിച്ചതായി എംഎൽഎ പറഞ്ഞു. പഞ്ചായത്തിന്റെ അപേക്ഷയുടെയും ഹരിതകേരളം മിഷന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് ലാബിനായി ഒന്നരലക്ഷം രൂപ അനുവദിച്ചത്.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കുമാരമംഗലത്തിന് പുറമേ വെള്ളിയാമറ്റം, ഉടുമ്പന്നൂർ, കരിങ്കുന്നം, പുറപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് ജല ലാബുകൾ അനുവദിച്ചത്.ഇതിനായി 7.50ലക്ഷം രൂപയാണ് പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്.ഇതിന് പുറമേയാണ് ഇപ്പോൾ വണ്ണപ്പുറം പഞ്ചായത്തിന് ലാബ് നൽകിയത്.
സ്‌കൂളിൽ നടന്ന ചടങ്ങിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ അദ്ധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.ജി.എസ്.മധു പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സജി ചെമ്പകശ്ശേരി ,ജനപ്രതിനിധികൾ,ഹരിതകേരളം പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.