പൈനാവ് : ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സർവീസ് ഡയറി 2022 പതിപ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പ്രകാശനം ചെയ്തു. പൈനാവ് എ.ഐ.റ്റി.യു.സി ഹാളിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിയിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഡയറി ഏറ്റുവാങ്ങി. ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളുടേയും ഫോൺ നമ്പറുകൾ, ഓഫീസുകളിലെ പ്രധാന സേവന വിവരങ്ങൾ, ജീവനക്കാരുടെ സർവീസ് ചട്ടങ്ങളും ഉൾപ്പെടുത്തിയുള്ള സർവീസ് ഡയറി ഒരു മുതൽക്കൂട്ടാണ് എന്ന് മന്ത്രി പറഞ്ഞു. സർവീസ് ഡയറി ചീഫ് എഡിറ്റർ ബിനിൽ സ്വാഗതവും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ആർ ബീനാമോൾ നന്ദിയും പറഞ്ഞു.