adalath

ഇടുക്കി: സംസ്ഥാനത്ത് അർഹരായവർക്കെല്ലാം ഭക്ഷ്യ ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി ആർ അനിൽ. താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയൽ തീർപ്പാക്കൽ അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭക്ഷണം, പട്ടിണി ഇല്ലാത്ത കേരളം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. റേഷൻ കാർഡ് സംബന്ധിച്ച പോരായ്മകൾ മാറ്റാൻ വലിയ ശ്രമമാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി പല കാരണങ്ങളാൽ പിടിച്ചു വെച്ചിരുന്ന 4183 കാർഡുകൾ തെളിമ പദ്ധതിയിലൂടെ ഉടമകൾക്ക് തിരിച്ചു ഏൽപ്പിച്ചു.

42 റേഷൻ കടകൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ തീർപ്പാക്കി. 21 റേഷൻ കടകൾക്ക് നിലവിലെ ലൈസൻസിയെ ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രി നിർദ്ദേശം നൽകി. കോടതി പരിഗണനയിലുള്ള രണ്ടു കേസുകളിൽ വിധിയ്ക്കനുസൃതമായി തീർപ്പാക്കും. സസ്‌പെൻഡ് ചെയ്ത അഞ്ച് പേർക്ക് പിഴ അടപ്പിച്ച് ലൈസൻസ് തിരിച്ചു നൽകി. അനന്തരാവകാശ രേഖ ഹാജരാക്കൽ, റേഷൻ ക്രമക്കേടുകൾ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.

സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി സജിത്ത് ബാബു ചടങ്ങിന് മുഖ്യാതിഥി ആയിരുന്നു.

പരിപാടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, സിവിൽ സപ്ലൈസ് ദക്ഷിണ മേഖല ഡെപ്യൂട്ടി കൺട്രോളർ ആർ അനിൽ രാജ്, ജില്ലാ സപ്ലൈ ഓഫീസർ എ.കെ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇനി ഇഓഫീസ്

ജില്ലയിൽ 2021 നവംബർ മുതൽ ജില്ലാ സപ്ലൈ ഓഫീസും 2022 ജനുവരി 1 മുതൽ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളും ഇഓഫീസ് സംവിധാനത്തിലേയ്ക്ക് മാറ്റി.

ജില്ലയിൽ ആകെ 3,14,639 റേഷൻ കാർഡുകളുണ്ട്.

പ്രചരണം വഴി അനർഹമായി മുൻഗണനാ വിഭാഗം കാർഡുകൾ കൈവശം വച്ചിരുന്ന 237 എ.എ.വൈ കർഡുകൾ, 1677 പി.എച്ച്എച്ച് കാർഡുകൾ സ്വയം സറണ്ടർ ചെയ്തു. പരിശോധന വഴി കണ്ടെത്തിയ 282 എ.എ.വൈ കാർഡുകൾ, 957 പി.എച്ച്.എച്ച്. കാർഡ് എന്നിവ ഒഴിവാക്കി. പരാതികളിമേൽ 16 എ.എ.വൈ കാർഡുകൾ, 33 പി.എച്ച്എച്ച് കാർഡുകൾ എന്നിവ ഒഴിവാക്കി.

പുതുതായി മുൻഗണനാ കാർഡ് ലഭിക്കുന്നതിനായി അപേക്ഷിച്ചതിൽ അർഹരായ 4313 പേരെ പട്ടികയിൽ ഉൾപ്പെടുത്തി.

ജില്ലയിലെ അർഹരായ മുഴുവൻ ഗോത്രവർഗ്ഗ കുടുംബങ്ങൾക്കും എ.എ.വൈ. കാർഡുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ അർഹരായ 245 കുടുംബങ്ങളെ കണ്ടെത്തി. കാർഡില്ലാത്ത 204 കുടംബങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

പീരുമേട് താലൂക്കിലെ മേമാരി, പുന്നപാറ, മുല്ല, ഭീമൻചുവട്, വാക്കത്തി, കത്തി തേപ്പൻ, കൊല്ലത്തിക്കാവ്, പ്ലാക്കത്തടം, വഞ്ചിവയൽ എന്നീ ഒറ്റപ്പെട്ട ഗോത്രവർഗ്ഗ മേഖലകളിലെ 330 കുടുംബങ്ങൾക്ക് റേഷൻ വാതിൽപ്പടി വിതരണം ജനുവരിയിൽ ആരംഭിക്കും.

ദേവികുളം താലൂക്കിലെ മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട ഗോത്രവർഗ്ഗ മേഖലകളായ വെള്ളക്കൽകുടി, പുതുക്കുടി, ചമ്പക്കാട്ടുകുടി, ഒള്ളവയൽകുടി, വത്സപെട്ടികുടി എന്നിവിടങ്ങളിലെ 296 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻകട ജനുവരി മുതൽ പ്രവർത്തനം ആരംഭിക്കും.
സുഗന്ധ വ്യഞ്ജനങ്ങൾ സപ്ലൈകോ നേരിട്ടു വാങ്ങും

ഏലം ഉൾപ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ വിലയിടിവ് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കർഷകരെ സഹായിക്കുന്നതിന് സപ്ലൈകോ ഔട്ട്‌ലറ്റ് വഴി ഏലം വിൽക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കും. നിലവിൽ കേന്ദ്രീകൃത ഇ-ടെണ്ടർ വഴിയാണ് ഇത് വാങ്ങിവരുന്നത്. ഇ-ടെണ്ടർ വ്യവസ്ഥയിൽ ഇളവ് നൽകി കർഷകർക്ക് ന്യായമായ വില ലഭിക്കുന്നതിന് സപ്ലൈകോ കർഷക കൂട്ടായ്മ വഴി ഏലം തുടങ്ങിയ കാർഷിക സുഗന്ധ വ്യഞ്ജനങ്ങൾ സപ്ലൈകോ സംഭരിക്കുമെന്നും ഏലം വിലയിടിവിൽ ആശങ്കപ്പെടേണ്ടെന്നും മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.