muttamcollege

മുട്ടം: വൻ പൊലീസ് സുരക്ഷയോടെ മുട്ടം എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ തീരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തീകരിച്ചു. തൊടുപുഴ ഡിവൈ. എസ് പി കെ സദന്റെ നിർദ്ദേശ പ്രകാരം മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തിൽ 50 ൽപരം പൊലീസുകാരെയാണ് ഇവിടെ ഡ്യുട്ടിക്ക് നിയോഗിച്ചത്. മുട്ടം കൂടാതെ തൊടുപുഴ, കരിങ്കുന്നം, കരിമണ്ണൂർ, കാളിയാർ സ്റ്റേഷനുകളിൽ നിന്നും പൊലീസുകാർ എത്തിയിരുന്നു. കോളേജിലേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടം, നടപ്പ് വഴി എന്നിവിടങ്ങളിലെല്ലാം വനിത പൊലീസ് ഉൾപ്പെടെയുള്ളവരെ നിയോഗിച്ചിരുന്നു. വിദ്യാർത്ഥികൾ,കോളേജ് -എം ജി സർവ്വകലാശാല ജീവനക്കാർ എന്നിവരെ കർശന പരിശോധനയോടെയാണ് ക്യാമ്പസിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8 മണിയോടെ പ്രചാരണ പരിപാടികൾ നടത്തിവന്ന എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. റോഡിൽ എഴുതുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. എന്നാൽ നേതാക്കളും മുട്ടം പൊലീസും സ്ഥലത്ത് എത്തി ഏവരോടും പിരിഞ്ഞു പോകാൻ നിർദ്ദേശം നൽകുകയും ഇതേ തുടർന്ന് കൂടുതൽ സംഘർഷം ഒഴിവാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മുട്ടം പൊലീസ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. സംഘർഷം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും എന്ന് പൊലീസ്ചർച്ചയിൽ മുന്നറിയിപ്പും നൽകിയിരുന്നു. ഇതേ തുടർന്ന് പ്രശന സാദ്ധ്യത ഒഴിവാക്കാൻ വിദ്യാർത്ഥി നേതാക്കൾ യോഗത്തിൽ സംയുക്തമായി തീരുമാനിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ സുരക്ഷ ഒരുക്കാൻ മുട്ടം എഞ്ചിനിയറിങ്ങ് കോളേജ് അധികൃതർ പൊലീസിന് പ്രത്യേക കത്ത് നൽകിയിരുന്നു.

പൈനാവ് എഞ്ചിനിയറിങ്ങ് കോളേജിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം പുറത്ത് വന്നതോടെ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു. . കോളേജിലെ പ്രധാന പ്രവേശന കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വിദ്യാർത്ഥികളോട് കയർത്ത് സംസാരിച്ചത് വാക്കേറ്റത്തിന് കാരണമായി. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.