കട്ടപ്പന : പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി അഞ്ജാത വാഹനമിടിച്ച് കൊല്ലപ്പെട്ട വെള്ളയാംകുടി സ്വദേശി കുഞ്ഞുമോന്റെ കുടുംബം.ഡിസംബർ 24 ന് രാത്രിയിലാണ് വീട്ടിലേയ്ക്ക് നടന്ന് വരികയായിരുന്ന കുഞ്ഞുമോനെ അമിത വേഗതയിലെത്തിയ കാർ ഇടുക്കിക്കവലയ്ക്ക് സമീപത്ത് വച്ച് ഇടിച്ച് തെറിപ്പിച്ചത്.സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് തെളിഞ്ഞത്. ഇതിന് ശേഷം കട്ടപ്പന ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് അപകടമുണ്ടാക്കിയത് വെള്ള നിറത്തിലെ ഇയോൺ കാറാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാൽ അപകടമുണ്ടായി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ വാഹനം ആരുടേതെന്ന് കണ്ടെത്താൻ പൊലീസിന് കഴിയാത്തതാണ് കുഞ്ഞുമോന്റെ കുടുംബം ചോദ്യം ചെയ്യുന്നത്.മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകാൻ സ്‌റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് കുഞ്ഞുമോന്റെ സഹോദരൻ മണിക്കുട്ടൻ പറഞ്ഞു.വാഹനമിടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ അടക്കം ഹാജരാക്കിയപ്പോൾ മാത്രമാണ് കേസെടുക്കാൻ തയ്യാറായത്. നിരന്തരമായി സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും അർഹമായ നീതി ലഭിക്കുന്നില്ലെന്ന് കുഞ്ഞുമോന്റെ ഭാര്യ ഷൈലയും പറയുന്നു. സി സി ടി വി ക്യാമറ സ്ഥാപിച്ച ഒട്ടേറെ സ്ഥാപനങ്ങൾ നഗരത്തിലുണ്ടായിട്ടും ഇവയിൽ ഏതാനും ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. അന്വേഷണം തൃപ്തികരമായി തുടർന്നില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനാണ് തീരുമാനമെന്ന് വാർഡ് കൗൺസിലർമാരും പറഞ്ഞു.അതേ സമയം ഏഴുപതോളം ഇയോൺ കാറുകൾ പരിശോധിച്ചെന്നാണ് പൊലീസിന്റെ വാദം. വിവിധ സ്ഥലങ്ങളിലെ നാൽപ്പത് സി സി ടി വി ക്യാമറകളും പരിശോധിച്ചു. അപകടത്തിനിടയാക്കിയ കാർ ഇടുക്കി റോഡിലെ പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. നിരീക്ഷണത്തിലുളള കാറുകൾ ഏതെങ്കിലും ഈ സമയത്ത് ഇവിടെ എത്തിയോ എന്നറിയാൻ ടവർ ലോക്കേഷനും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.