dheeraj

സംഭവം ഇടുക്കി എൻജി. കോളേജിൽ

യൂത്ത് കോൺ. നേതാവുൾപ്പെടെ കസ്റ്റഡിയിൽ

പൊലീസ് ആശുപത്രിയിൽ എത്തിച്ചില്ല

ഇടുക്കി: ഇടുക്കി പൈനാവ് ഗവ. എൻജിനിയറിംഗ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയതിനുപിന്നാലെ വ്യാപക അക്രമം. കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം പട്ടപ്പാറയിലെ എൽ.ഐ.സി ഏജന്റ് അദ്വൈതം വീട്ടിൽ രാജേന്ദ്രന്റെയും കൂവോട് ഗവ. ആയുർവേദ ആശുപത്രി നഴ്‌സ് അരീക്കമല സ്വദേശി പുഷ്‌കലയുടെയും മകൻ നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ധീരജാണ് (21) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കാമ്പസിനു പുറത്ത് കോളേജ് ഗേറ്റിന് സമീപമായിരുന്നു സംഭവം. രണ്ടു പേർക്ക് കത്തിക്കുത്തിൽ സാരമായി പരിക്കേറ്റു.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോൺ. നേതാവ് നിഖിൽ പൈലിയെ, രക്ഷപ്പെടുന്നതിനിടെ ബസിൽ നിന്നു പൊലീസ് പിടികൂടി. നാല് വിദ്യാർത്ഥികളുൾപ്പെടെ അഞ്ചുപേരെക്കൂടി കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിലാണ് ധീരജിനെ കുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വൈകിട്ട് അഞ്ചു മണിയോടെ ഇടുക്കിക്ക് സമീപം കരിമണലിൽ വച്ചാണ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെത്തുടർന്ന് ഇന്നലെ കണ്ണൂരും കോഴിക്കോട്ടും കോൺഗ്രസ് ഓഫീസുകൾക്ക് കല്ലെറിയുകയും കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇടുക്കി എൻജിനിയറിംഗ് കോളേജിലും എറണാകുളം മഹാരാജാസിലും കെ.എസ്.യു പ്രവർത്തകർക്ക് മർദ്ദനമേറ്റു. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ കാർ ആക്രമിച്ചു. മലപ്പുറത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പങ്കെടുത്ത മേഖലാ കൺവെൻഷൻ വേദിക്കുസമീപം ഡി.വൈ. എഫ്.ഐ- കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നു തുടങ്ങിയ മാർച്ചിനിടെ കോൺഗ്രസിന്റെ പോസ്റ്ററുകൾ നശിപ്പിച്ചു.

മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇടുക്കി മുതൽ കണ്ണൂർ വരെ 13 കേന്ദ്രങ്ങളിൽ പൊതുദർശനത്തിനു വയ്ക്കും.

തളിപ്പറമ്പ് സർസയ്യദ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി അദ്വൈത് സഹോദരനാണ്. തിരുവനന്തപുരം പാലോട് സ്വദേശിയായ രാജേന്ദ്രൻ ദീർഘകാലമായി തളിപ്പറമ്പിലാണ് താമസം.

പിന്തിരിഞ്ഞോടി,പിന്നെ കുത്തി

കോളേജിൽ ഇന്നലെ ഒരു മണി വരെയായിരുന്നു വോട്ടെടുപ്പ്. ഇതിനിടെ ധീരജും മറ്റ് എസ്.എഫ്.ഐ പ്രവർത്തകരും കോളേജിനു വെളിയിലേക്ക് വന്നു. രാവിലെ മുതൽ ഗേറ്റിനു പുറത്ത് നിഖിൽ ഉൾപ്പെടെ ആറ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നിൽപ്പുണ്ടായിരുന്നു. ഇവരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. അതിനിടെ നിഖിൽ പിന്തിരിഞ്ഞോടി. ധീരജ് സംഘവും പിന്നാലെ എത്തി. പെട്ടെന്ന് അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് നിഖിൽ ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അക്രമം തടയാൻ ശ്രമിച്ച എസ്.എഫ്.ഐ ഏരിയ ജോയിന്റ് സെക്രട്ടറി തൃശൂർ മഴുവൻചേരിയിൽ അഭിജിത് ടി. സുനിൽ, സി.പി.എം പ്രവർത്തകനായ കൊല്ലം മുള്ളുവിള എസ്. എച്ച്.ജി നഗറിൽ പുണർതം വീട്ടിൽ എ.എസ്. അമൽ എന്നിവരെയും കുത്തി. ഇതിനു ശേഷം ഓടി രക്ഷപ്പെടു. കാറിലാണ് നിഖിലും സംഘവും അവിടെ എത്തിയത്.

മൂന്നു പേർക്കു കുത്തേറ്റ വിവരം എസ്. എഫ്. ഐ പ്രവർത്തകർ ഉടൻ സമീപത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ പൊലീസ് ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നു വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്റെ കാറിൽ ധീരജിനെ രണ്ട് കിലോ മീറ്റർ അകലെയുള്ള ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അമലും അഭിജിത്തും ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവർ അപകടനില തരണം ചെയ്തു.

അക്രമം, കോളേജ് അടച്ചു

ധീരജ് മരിച്ചതറിഞ്ഞതോടെ എസ്.എഫ്.ഐ പ്രവർത്തകർ കോളേജിൽ അക്രമാസക്തരായി. കെ.എസ്.യുക്കാരെ ആക്രമിക്കുകയും കൊടിമരത്തിനു തീയിടുകയും ചെയ്തു. സിപിഎം നേതാക്കളെത്തിയാണ് ശാന്തരാക്കിയത്. കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.