ഇടുക്കി: ആദ്യം അഭിമന്യു, ഇപ്പോൾ ധീരജ്. കേരളത്തിലെ കാമ്പസുകളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇടുക്കിയുടെ വേദനയാകുകയാണ് ഇരുവരും. ഇരുവരും സ്വന്തം നാട് വിട്ടു പോയി പഠിച്ചവർ, പാട്ടു കൊണ്ട് കാമ്പസിന്റയും, ഹോസ്റ്റലിന്റെയും മനം കവർന്നവർ. മോഹങ്ങളും, പ്രതീക്ഷകളും ഏറെയുണ്ടായവർ.
വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കാമ്പസിലായിരുന്നെങ്കിൽ
മൂന്ന് വർഷങ്ങൾക്കിപ്പുറം
കണ്ണൂർ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എഞ്ചിനീയറിങ് കോളേജ് കാമ്പസിലായിരുന്നു. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്ത് നെഞ്ചു തകർത്ത് പുറത്ത് വന്നെങ്കിൽ ധീരജിന് കുത്തേറ്റത് നെഞ്ചിലായിരുന്നു.
കംപ്യൂട്ടർ സയൻസിൽ ഏറെ താത്പര്യമുണ്ടായിരുന്ന ധീരജ് അലോട്‌മെന്റ് വഴിയാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജിലെത്തിയത്. സ്വന്തം നാട്ടുകാർ ഏറെയുണ്ടായിരുന്ന കോളേജ് ധീരജിന് പെട്ടന്ന് പ്രിയപ്പെട്ടതായി മാറി. നല്ല ജോലിയും സ്വപനം കണ്ടു.മഹാരാജാസിന്റെ അഭിമന്യുവിനെ പോലെ നാടൻ പാട്ടുകൾ പാടിയായിരുന്നു അവൻ എല്ലാവരുടെയും മനം കവർന്നത്. പഠനത്തിലും മിടുക്കനായിരുന്നു.പക്ഷെ എല്ലാം ഇന്നലെ തകർന്നടിയുകയായിരുന്നു. കൂട്ടുകാർക്കും രക്ഷതിതാക്കൾക്കും തീരാ ദു:ഖ മായി ധീരജ് പിടഞ്ഞ് വീണ് മരണംവരിച്ചു.
ഇനിയില്ല പ്രിയപ്പട്ടവൻ
ഉറ്റ ചങ്ങാതി, പ്രിയ ഗായകൻ അങ്ങനെ എല്ലാമെല്ലാമായ ധീരജ് കൺമുന്നിൽ കുത്തേറ്റു വീഴുന്നതു കണ്ടതിന്റെ ഞെട്ടലിലായിരുന്നു അവർ. അവരുടെ പ്രിയ സുഹൃത്ത് ഇനി ഇല്ലെന്ന് വിശ്വസിക്കാൻ അവർക്കാകുന്നില്ല. ആരോടും മിണ്ടാതെ ഇടുക്കി മെഡിക്കൽ കോളേജിൽ കൂടി നിന്ന ധീരജിന്റെ സഹപാഠികളെ ആശ്വസിപ്പിക്കാൻ സി.പി.എം, എസ്.എഫ്‌ഐ നേതാക്കൾ പാടുപെട്ടു. ഉച്ചക്ക് ഒന്നരയോടെ സംഭവമറിഞ്ഞ് ഓരോരുത്തരായി കോളേജിൽ നിന്ന് അശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. സംഘർഷത്തിൽ തങ്ങളുടെ സുഹൃത്തിന് പരിക്കേറ്റു എന്നേ അവർ കരുതിയുള്ളൂ. എന്നാൽ ആശുപത്രിയിൽ നിന്ന് കേട്ട വിവരം അവർക്ക് ഹൃദയ ഭേദകമായിരുന്നു.
2000 ത്തിൽ പ്രവർത്തനമാരംഭിച്ച ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിൽ രാഷ്ട്രീയ തർക്കങ്ങൾ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘർഷങ്ങൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 1200 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസിൽ വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നവരുണ്ടെങ്കിലും കലാലയ മുറ്റത്ത് അവരൊന്നായിരുന്നു. കോളേജ്കാമ്പസിനുള്ളിലുടലെടുക്കുന്ന പ്രശ്‌നങ്ങൾ അവിടെത്തന്നെ തീർന്നിരുന്നു. എന്നാൽ ഈ സംഭവം അധ്യാപകരെയും ഞെട്ടിക്കുന്നതായിരുന്നു. മരണ വിവരം അറിഞ്ഞതോടെ സി.പി.എം നേതാക്കളും എസ്.എഫ്.ഐ പ്രവർത്തകരും ഒന്നടങ്കം ആശുപത്രിയിലേക്ക് ഒഴുകിയെത്തി. അറിഞ്ഞെത്തിയ വിദ്യാർത്ഥികൾ ധീരജിന്റെ പേരെടുത്ത് പറഞ്ഞ് കരയുന്നുണ്ടായിരുന്നു. ചിലർ വിശ്വസിക്കാൻ കഴിയാതെ നിർന്നിമേഷരായിരുന്നു. രാത്രി വൈകിയും ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ പലരും കാത്തു നിൽക്കുന്നതും കാണാമായിരുന്നു. തങ്ങളുടെ സുഹുത്തിനെ ഉപേക്ഷിച്ച് എങ്ങനെ പോകുമെന്നായിരുന്നു ഇവരുടെ ചോദ്യം.